ആളുകൾക്ക് ഏറെ പേടിയുള്ള ഉരഗങ്ങളിൽ ഒന്നാണ് പാമ്പ്. കാട്ടിലും പറമ്പിലും മാത്രമല്ല, വീടുകളുടെ ഉള്ളിലും എവിടെ വേണമെങ്കിലും ഇഴഞ്ഞെത്തി പതിഞ്ഞിരിക്കുന്ന പാമ്പുകളെ ആളുകൾക്ക് പേടിയാണ്. ആളനക്കം കേൾക്കുമ്പോൾ അലമാരയുടെ ഉള്ളിലും, അടുക്കള പാത്രങ്ങളുടെ ഇടയിലും പാമ്പുകൾ പത്തി വിടർത്തി നിൽക്കുന്ന വീഡിയോകൾ ധാരാളമായി സമൂഹമാദ്ധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ സീലിംഗ് ഫാനിൻറെ ഇടയിൽ നിന്ന് പുറത്തേക്ക് ഊർന്നിറങ്ങി വരുന്ന പാമ്പിൻറെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഇൻസ്റ്റാഗ്രാമിൽ അറാബിഡ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ, സീലിംഗിനും ഫാനിനുമിടയിലുള്ള വിടവിൽ നിന്ന് ഒരു പാമ്പ് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് കാണാം. വളരെ വേഗത്തിൽ കറങ്ങുന്ന ഫാനിൻറെ ഇടയിലേക്ക് ശരീരം നീണ്ടുപോകുന്നതും വീഡിയോയിൽ കാണാനാവും. പാമ്പിന് പരിക്കേൽക്കുമെന്ന അമ്പരപ്പാണ് വീഡിയോ കാണുന്നവർക്ക് തോന്നുന്നത്. എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ, ഫാനിൻറഎ ബ്ലേഡുകളിലൊന്ന് പാമ്പിന്റെ തലയിൽ പതിക്കുകയും, പാമ്പ് നേരെ വീഡിയോ പകർത്തുന്ന ആളുടെ ശരീരത്തിലേക്ക് പതിക്കുകയും ചെയ്തു. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിൽ ടോയ്ലറ്റിൽ ഇരിക്കുന്ന ഒരാൾ തന്റെ ഷവറിന് മുകളിൽ ഒരു പെരുമ്പാമ്പിനെ കണ്ട് ഞെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വൈറലായിരുന്നു. പിന്നീട് പാമ്പുപിടുത്തക്കാരെ വിളിച്ചു വരുത്തിയാണ് പാമ്പിനെ വലയിലാക്കുന്നത്.












