ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയിൽ ഹൈക്കോടതിയിലും ലോകായുക്തയിലും പുതിയ വഴിത്തിരിവ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ മുൻ നിലപാടുകൾക്ക് വിരുദ്ധമായ വിവരങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.
നിലമ്പൂരിലെ പ്രളയ സമയത്ത് മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രയ്ക്കായി ചിപ്‌സൺ കമ്പനിയുടെ ചാർട്ടേഡ് വിമാനം ലഭ്യമാക്കിയത് സർക്കാരിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണെന്നാണ് ഡിജിപിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ പരാതിയിലാണ് പോലീസ് മേധാവി വിവരങ്ങൾ രേഖപ്പെടുത്തിയത്. പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നും പരാതി തള്ളണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, വിമാനം ലഭ്യമാക്കിയതിൽ സർക്കാരിന്റെ ഇടപടൽ ഉണ്ടായിട്ടുണ്ടെന്ന ഡിജിപിയുടെ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും. മുൻപ് മുഖ്യമന്ത്രി വ്യക്തമാക്കിയ വാദങ്ങളെ പ്രതിരോധത്തിലാക്കുന്നതാണ് പോലീസ് മേധാവിയുടെ ഈ പുതിയ സത്യവാങ്മൂലം. ഭരണപക്ഷത്തിന് വലിയ രീതിയിൽ തലവേദന സൃഷ്ടിക്കുന്ന വിഷയത്തിൽ നിയമപരമായ അടുത്ത ഘട്ടം എന്താകുമെന്ന ഉറ്റുനോക്കലിലാണ് രാഷ്ട്രീയ കേരളം.









