രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരുടെയും ആജീവനാന്ത സമ്പാദ്യം കൈകാര്യം ചെയ്തിരുന്ന മുൻനിര ബാങ്ക് തകർന്നതോടെ ദക്ഷിണ അമേരിക്കൻ രാജ്യമായ പരാഗ്വേയിൽ വൻ ജനരോഷവും പ്രതിഷേധവും. പരാഗ്വേയിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായ ‘ഉയേനോ ബാങ്ക്’ (Ueno Bank) തകർന്നതോടെയാണ് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസ രാത്രി മുതൽ ഡിജിറ്റൽ ഇടപാടുകളും മൊബൈൽ ആപ്പുകളും പൂർണ്ണമായി നിശ്ചലമായതോടെയാണ് ബാങ്ക് പ്രതിസന്ധിയിലാണെന്ന വിവരം പുറംലോകം അറിയുന്നത്.
ഏകദേശം 30 ലക്ഷത്തോളം നിക്ഷേപകരാണ് ബാങ്കിന്റെ തകർച്ചയോടെ വഴിയിലായത്. ഇതോടൊപ്പം 380 മില്യൺ ഡോളറിന്റെ പെൻഷൻ ഫണ്ടും ബാങ്കിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരങ്ങൾ. പണം പിൻവലിക്കാനോ കൈമാറാനോ സാധിക്കാതെ ആപ്പും കാർഡുകളും മരവിച്ചതോടെ അർദ്ധരാത്രിയോടെ ബാങ്കിന്റെ എല്ലാ ശാഖകൾക്ക് മുന്നിലും ജനങ്ങൾ തടിച്ചുകൂടുകയായിരുന്നു. ബാങ്കിന്റെ സാമ്പത്തിക ഭദ്രത സൂചിപ്പിക്കുന്ന സോൾവൻസി നിരക്ക് നിയമപരമായ പരിധിയുടെ പകുതിയിലും താഴേക്ക് പതിച്ചതോടെയാണ് പരാഗ്വേ കേന്ദ്ര ബാങ്ക് അടിയന്തരമായി ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
രാജ്യത്തെ പ്രസിഡന്റ് സാന്റിയാഗോ പെന്യയുമായി ബാങ്കിന് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഉയർന്നതോടെ വിഷയം കടുത്ത രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പൊതുപണം ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് പ്രസിഡന്റ് പെന്യയെ ഇംപീച്ച് ചെയ്യണമെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ സെനറ്റർമാർ ആവശ്യപ്പെട്ടു. നിക്ഷേപകരിൽ 97 ശതമാനം പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നും, ആദ്യഘട്ടമെന്ന നിലയിൽ 10 ദശലക്ഷം ഗ്വാറാനി വരെയുള്ള തുക ഉപഭോക്താക്കൾക്ക് ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ ആജീവനാന്ത സമ്പാദ്യം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പരാഗ്വേയിലെ സാധാരണക്കാർ.












