കോഴിക്കോട് : മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് പോലീസ് മർദ്ദിച്ചത്.
മീൻ ലോറി ഡ്രൈവറായ സാദിഫ് ചാമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം. ഡ്രൈവറുടെ കാൽമുട്ടിനും കൈക്കും പോലീസ് മർദിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. മർദ്ദനത്തിൽ ഇയാളുടെ കൈക്ക് പരിക്കേറ്റു. തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. കൈക്ക് ചതവുണ്ടെന്നാണ് വിവരം.
ഇയാൾ മന്ത്രിയെ തെറിവിളിച്ചതിനെ തുടർന്നാണ് മർദ്ദിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗൺമാനെ അധിക്ഷേപിച്ചതിന് രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് ടൗൺ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












