വിനോദസഞ്ചാരികളുമായി അമിതവേഗതയിലും അപകടകരമായ രീതിയിലും മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പരിശോധിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എം.വി.ഐ) സി.ഐ.ടി.യു പ്രവർത്തകരുടെ പരസ്യമായ വധഭീഷണി. വണ്ടിപ്പെരിയാർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥനായ എസ്. ഫ്രാൻസിസിന് നേരെയാണ് നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയും ക്രൂരമായ ഭീഷണിയുണ്ടായത്. ഉദ്യോഗസ്ഥന്റെ പരാതിയിൽ വണ്ടിപ്പെരിയാർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 11-ന് കുമളി-സത്രം റൂട്ടിൽ നടത്തിയ പതിവ് വാഹന പരിശോധനയാണ് ഒരു വിഭാഗം ജീപ്പ് ഡ്രൈവർമാരെയും സി.ഐ.ടി.യു പ്രവർത്തകരെയും പ്രകോപിപ്പിച്ചത്. പരിശോധനയിൽ നിയമവിരുദ്ധമായി രൂപമാറ്റം (മോഡിഫിക്കേഷൻ) വരുത്തി സർവീസ് നടത്തിയ ചില ഓഫ്-റോഡ് ജീപ്പുകൾ എം.വി.ഡി ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഈ രൂപമാറ്റങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് വാഹനങ്ങൾ വീണ്ടും ഹാജരാക്കാൻ ഉടമകൾക്ക് കർശന നിർദ്ദേശവും നൽകി. എന്നാൽ, പരിശോധന തുടരുന്നതിനിടെ സി.ഐ.ടി.യു നേതാക്കൾ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും, ‘വീട്ടിൽ കയറി പണി തരുമെന്ന്’ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിന് പുറമെ, വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി ജീപ്പ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാക്കണമെന്ന നിർദ്ദേശം എസ്. ഫ്രാൻസിസ് ഇടുക്കി ജില്ലാ കളക്ടർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇതും ഒരു വിഭാഗം ഡ്രൈവർമാരുടെ കടുത്ത വിരോധത്തിന് കാരണമായിട്ടുണ്ട്.
വാഹന പരിശോധനയ്ക്ക് പിന്നാലെ സി.ഐ.ടി.യു പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായ വധഭീഷണി മുഴക്കിയത്. **‘ഇന്നത്തേത് ഫസ്റ്റ് ഡോസ് മാത്രമായി ഫ്രാൻസിസ് സാർ കാണണം… വടി വെട്ടാം…’** എന്നായിരുന്നു പി.എസ്. ബിവിൻ എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് താഴെ **‘ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’** എന്നതുൾപ്പെടെയുള്ള അതിരൂക്ഷവും പ്രകോപനപരവുമായ കമന്റുകളാണ് ചിലർ രേഖപ്പെടുത്തിയത്.
ശബരിമല മണ്ഡലകാല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക തിരക്കുകളിലായിരുന്നതിനാലാണ് ഉദ്യോഗസ്ഥന് പരാതി നൽകാൻ വൈകിയത്. ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും സഹിതമാണ് എസ്. ഫ്രാൻസിസ് ഇന്നലെ വണ്ടിപ്പെരിയാർ പോലീസിനെ സമീപിച്ചത്. വിനോദസഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.












