തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ സിനിമാ തിരക്കഥയെ വെല്ലുന്ന ആസൂത്രണവും ബിസിനസ് കുടിപ്പകയും. വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറിന്റെ കയ്യിൽ നിന്നും രണ്ടു കിലോഗ്രാം (250 പവൻ) സ്വർണം കവർന്ന സംഭവത്തിന് പിന്നിൽ 25 ലക്ഷം രൂപയുടെ ക്വട്ടേഷനാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കവർച്ച നടത്തിയ സംഘം വെള്ളായണി ചെറുപാലമന്ദത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു.
ഒരുമിച്ച് സ്വർണക്കച്ചവടം ആരംഭിച്ച ഉറ്റസുഹൃത്തും സമീപത്തെ മാളവിക ജൂവലറി ഉടമയുമായ ജയറാം, ആറ്റുകാൽ ഗോൾഡ് ആൻഡ് സിൽവർ ടെസ്റ്റിങ് സ്ഥാപന ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ അമോൽ, കൂട്ടുപ്രതി ദിലീപ് എന്നിവർ ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. നന്ദകുമാറിന്റെ അതിവേഗത്തിലുള്ള ബിസിനസ് വളർച്ചയിലുള്ള അസൂയയായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിൽ. വലിയ അളവിൽ സ്വർണം നഷ്ടപ്പെടുന്നതോടെ നന്ദകുമാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ അദ്ദേഹം പോലീസിൽ പരാതിപ്പെടില്ലെന്നുമായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ.
നഗരത്തിലെ ഒരു ഹോട്ടലിലും മാളവിക ജൂവലറിയിലെ മദ്യസൽക്കാരത്തിനിടെയുമായിരുന്നു ഒരു മാസം നീണ്ട ആസൂത്രണം നടന്നത്. നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങുന്ന സമയവും പതിവായി വീട്ടിലേക്ക് പോകുന്ന വഴിയും സിസിടിവി ക്യാമറകളില്ലാത്ത തിരക്കൊഴിഞ്ഞ മേഖലയും സംഘം കൃത്യമായി നിരീക്ഷിച്ചിരുന്നു. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സ്ഥലത്തെത്തി കൃത്യമായ റിഹേഴ്‌സലും നടത്തിയിരുന്നു. തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനിലിന് 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൈമാറി. ക്വട്ടേഷൻ സംഘാംഗമായ അനൂപ് രാജിന് അമോലിന്റെ ബാങ്ക് അക്കൗണ്ട് വഴി നാല് ലക്ഷം രൂപ അഡ്വാൻസായും കൈമാറിയിരുന്നു.
കവർച്ച നടന്ന ദിവസം ശ്രാവൺ എന്ന പ്രതിയാണ് നന്ദകുമാർ സ്വർണവുമായി കടയിൽ നിന്നിറങ്ങിയ വിവരം സംഘത്തിന് കൈമാറിയത്. സ്വർണം തട്ടിയെടുത്ത ശേഷം കാറിൽ തമിഴ്‌നാട്ടിലേക്കും പിന്നീട് കർണാടക, വയനാട് എന്നിവിടങ്ങളിലേക്കും കടന്ന സംഘത്തെ സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണയുടെയും ഫോർട്ട് സി.ഐ ആർ. എസ്. ശ്രീകാന്തിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം 48 മണിക്കൂറിനകം പിടികൂടുകയായിരുന്നു. നേരത്തെ വയനാട്ടിൽ നിന്ന് പിടിയിലായ പ്രതികളിൽ നിന്ന് 67 പവനോളം സ്വർണം ലഭിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് വെള്ളായണിയിൽ കുഴിച്ചിട്ട ബാക്കി സ്വർണം കൂടി പോലീസ് കണ്ടെടുത്തത്. കവർച്ചയ്ക്ക് ശേഷവും അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ജയറാമും അമോലും ജൂവലറിയിൽ ഒത്തുകൂടിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.












