തിരുവനന്തപുരം : കേരളത്തിൽ ഇതുവരെയായി എഐ ക്യാമറകളിലൂടെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍. 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട് . കണക്കുകളനുസരിച്ച് പിഴയായി 7.94 കോടിരൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതുവരെ 81.78 ലക്ഷം രൂപ പിഴ ലഭിച്ചിട്ടുണ്ട് .
എ ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തിൽ അപകടമരണങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞവർഷം ജൂണിൽ 344 പേരാണ് അപകടങ്ങളിൽപ്പെട്ട് മരിച്ചതെങ്കിൽ ഈ വർഷം ജൂണിൽ മരണപ്പെട്ടവരുടെ എണ്ണം 144 മാത്രമാണ്. റിപ്പോർട്ട് ചെയ്ത അപകടങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. കഴിഞ്ഞവർഷം ജൂണിൽ 3714 എണ്ണമായിരുന്നു അപകടങ്ങൾ. ഈ വർഷം ജൂണിൽ അത് 1278 എണ്ണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളെയും ഇനിമുതൽ എ ഐ ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുന്നതാണ്. ഇതിനായി നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽ (എൻഐസി)നിന്ന് വാഹനങ്ങളുടെ വിവരങ്ങൾ കെൽട്രോണിനു കൈമാറിയിട്ടുണ്ട്. കൂട്ടിയ വേഗപരിധി വ്യക്തമാക്കിക്കൊണ്ടുള്ള ബോർഡുകൾ റോഡുകളിൽ സ്ഥാപിക്കും. ഇതോടൊപ്പം നോ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകൾ ഉപയോഗിച്ച് പിടികൂടുമെന്നും ആന്റണി രാജു വ്യക്തമാക്കി.
എ ഐ ക്യാമറയിലൂടെയുള്ള പിഴകൾക്കെതിരെ ഓൺലൈനിലൂടെ പരാതി നൽകാവുന്ന സംവിധാനം ഓഗസ്റ്റ് 5 മുതൽ ആരംഭിക്കും. റോഡ് വീതി കൂട്ടിയ സ്ഥലങ്ങളിലെ ക്യാമറകൾ ജൂലൈ 31നകം മാറ്റി സ്ഥാപിക്കാനും നടപടി ഉണ്ടാകും. പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് അയക്കേണ്ടതിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനായും കെൽട്രോണിന് നിർദ്ദേശം നൽകിയിട്ടുണ്ട്.












