കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗേൾഫ്രണ്ട് ആണെന്നാണ് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ വിശ്വനാഥ പെരുമാൾ ആരോപിച്ചത്. സ്വർണ്ണക്കടത്ത് സംഭവത്തിൽ സ്വപ്നയ്ക്കൊപ്പം മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും വിശ്വനാഥ പെരുമാൾ പറഞ്ഞു. കെപിസിസി ആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമായി കണ്ണൂർ എസ്പി ഓഫീസിലേക്ക് ഡിസിസി നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു വിശ്വനാഥ പെരുമാൾ.
ഈ വിവാദ പ്രസ്താവനയെ തുടർന്ന് വിശ്വനാഥ പെരുമാളിനെതിരെ സിപിഎം പ്രവർത്തകൻ പി കെ ബിജു കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. കോൺഗ്രസ് നേതാവിൻ്റെ പരാമർശം മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും സമൂഹത്തിൽ കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും പരാതിയിൽ പറയുന്നു. വിശ്വനാഥ പെരുമാളിനൊപ്പം ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസിന്റെ മുഖ്യശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി ഈ കാര്യത്തിൽ രണ്ടാമത് മാത്രമേ വരൂ എന്നും കണ്ണൂരിൽ നടത്തിയ പ്രസംഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ വിശ്വനാഥ പെരുമാൾ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങളും തന്റെ പ്രസംഗത്തിനിടയിൽ അദ്ദേഹം ഉന്നയിച്ചു.












