തിരുവനന്തപുരം : വീട്ടുജോലി കൂടിവരുന്നതിനാൽ സംസ്ഥാനത്ത് ഭൂരിഭാഗം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നതായി കണ്ടെത്തൽ. വിവാഹവും വിവാഹത്തെ തുടർന്നുള്ള സ്ഥലം മാറ്റവും കാരണം 20 ശതമാനം ആളുകൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. കേരള നോളജ് ഇക്കോണമി മിഷൻ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വീട്ടിൽ കുട്ടികളെയും പ്രായമായവരെയും പരിചരിക്കാൻ നിർബന്ധിതരാകുന്നതിനാലാണ് സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വരുന്നത്. സർവേയിൽ പങ്കെടുത്ത 57 ശതമാനം പേരും ജോലി ഉപേക്ഷിച്ചതിന് കാരണം വീട്ടുജോലിയും വീട്ടുഭാരവുമാണെന്നാണ് ഇവർ പറയുന്നത്.ഇതിലെ 96.5 ശതമാനം പേരും തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കുടുംബത്തിൽ നിന്നുള്ള എതിർപ്പ് കാരണം ഇത് തുടരാനാകുന്നില്ല. 4458 സ്ത്രീകൾ സർവേയിൽ പങ്കെടുത്തു.
പലർക്കും യോഗ്യത ഉണ്ടായിട്ട് പോലും അവസരങ്ങൾ ലഭിക്കുന്നില്ല. വിദ്യാസമ്പന്നരായ പുരുഷന്മാരുടെ തൊഴിലില്ലായ്മ 4.9 ശതമാനമാണെങ്കിൽ സ്ത്രീകളുടേത് 17 ശതമാനമാണ്. ബിരുദാനന്തര ബിരുദധാരികളായ സ്ത്രീകളിൽ 34 ശതമാനം പേർക്കും തൊഴിലില്ല.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിലാണ് കേരളം എന്നാണ് നാഷണൽ സാംപിൾ സർവേ ഓഫീസിന്റെ തൊഴിൽ സേനാ സർവേയിൽ കണ്ടെത്തിയത്. 25-40 പ്രായത്തിലുള്ളവരാണ് ജോലി ഉപേക്ഷിച്ചത്. വിവാഹത്തിന് ശേഷമോ കുഞ്ഞ് ജനിച്ച ശേഷമോ ആണ് ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നത്.












