തൃശൂർ: റോട്ട്വീലർ നായയെ മറയാക്കി കാറിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കളെ പിടികൂടി പോലീസ്. കണ്ടശാംകടവ് കിളിയാടൻ വിഷ്ണു (28), അന്തിക്കാട് തറയിൽ ശ്രീജിത്ത് (27) എന്നിവരാണ് പിടിയിലായത്. പോലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കാർ തടഞ്ഞു നിർത്തി പിൻവശത്തെ ഡോർ തുറക്കാൻ ആവശ്യപ്പെട്ട പോലീസ് സംഘത്തിന് നേരെ റോട്ട്വീലർ കുരച്ച് ചാടുകയായിരുന്നു. നായയെ ബംഗളൂരുവിൽ നിന്ന് വാങ്ങി മടങ്ങി വരുന്ന വഴിയാണെന്ന് വിഷ്ണു പറഞ്ഞതോടെ പോലീസിന് വീണ്ടും സംശയമായി. നായയെ മാറ്റി നിർത്തി വീണ്ടും വണ്ടി പരിശോധിച്ചതോടെയാണ് 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
ഇതേ വണ്ടി തമിഴ്നാട്ടിലും കർണാടകയിലും വച്ച് പോലീസ് കൈകാണിച്ച് നിർത്തിയിരുന്നു. എന്നാൽ നായയെ കണ്ട് ഭയന്ന് സംഘം പിന്മാറുകയായിരുന്നു. നേരത്തെയും നായയെ കാറിൽ കയറ്റിയ ശേഷം പ്രതികൾ ലഹരി കടത്തിയിരുന്നുവെന്നാണ് വിവരം. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണുവിന്റെ വളർത്തു നായയാണിത്. ശ്രീജിത്ത് വെൽഡിംഗ് വർക്ക് ഷോപ്പ് ജീവനക്കാരനാണ്. നായയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.












