കണ്ണൂര്‍: എട്ട് മാസം പ്രായമുളള കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ വണ്ടിനെ പുറത്തെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്റെ തൊണ്ടയിലാണ് വണ്ട് കുടുങ്ങിയത്. കൊമ്പൻ ചെല്ലി ഇനത്തിൽപ്പെട്ട വണ്ടാണ് കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത്.
കളിക്കുന്നതിനിടയിൽ കുഞ്ഞിന് പെട്ടെന്ന് ശ്വാസതടസം നേരിടുകയായിരുന്നു. ഇതോടെ കുഞ്ഞിനെ വീട്ടുകാർ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചു. എന്നാൽ ഇവിടെ കുഞ്ഞിന് കുഴപ്പമാന്നും കണ്ടെത്താനായില്ല. തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്. ഇവിടെ വച്ചാണ് വണ്ടിനെ പുറത്തെടുത്തത്. ഇനിയും വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവന് ആപത്താകുമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.












