എറണാകുളം: ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുമായി നാഷണൽ പ്രോഗ്രസീവ് പാർട്ടി സഹകരിക്കാൻ സാദ്ധ്യത. ഇതിനോട് അനുബന്ധിച്ച് എൻ പി പി അദ്ധ്യക്ഷൻ വി വി ആഗസ്റ്റിനുമായി ഡി എസ് ജെ പി നേതാക്കൾ കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
വർഷങ്ങൾക്കു മുമ്പ് നായർ സർവീസ് സൊസൈറ്റി സ്ഥാപകനായ മന്നത്ത് പത്മനാഭൻ മുന്നോട്ടുവെച്ച രാഷ്ട്രീയ സമവാക്യങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തി ഉണ്ട് എന്ന് നേതാക്കൾ വിലയിരുത്തി. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ചില പ്രബല മുന്നാക്ക സമുദായങ്ങളെ ശക്തിപ്പെടുത്തുന്നത് വഴി രാഷ്ട്ര നിർമ്മാണത്തെ തന്നെ പുഷ്ടിപ്പെടുത്താൻ കഴിയും എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ആശയപരമായി ഐക്യമുള്ള കേരളത്തിലെ മറ്റു പാർട്ടികളുമായി ബന്ധപ്പെടുവാനും ചർച്ചകൾ നടത്തുവാനും തീരുമാനമായി. ഡി എസ് ജെ പിക്ക് വേണ്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ, ജനറൽ സെക്രട്ടറി എസ് എസ് മേനോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.












