കൊച്ചി : ശബരിമല മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിക്കുന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പി എന്‍ മഹേഷ് അടക്കമുള്ളവര്‍ക്ക് നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും നവംബര്‍ 7 ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം, മേല്‍ശാന്തിയായി തിരഞ്ഞെടുത്ത വ്യക്തിക്കെതിരെ വ്യക്തിപരമായി ആരോപണമില്ലെന്ന കാര്യവും കോടതി ചൂണ്ടികാട്ടി. ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ഹര്‍ജി പരിഗണിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതില്‍ കുട്ടി നറുക്കെടുത്ത ലോട്ട് ഉള്‍പ്പെടെ ചിലത് തുറന്ന നിലയിലാണെന്ന കാര്യം ശ്രീകോവിലിന് മുന്നില്‍ നടന്ന നറുക്കെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തിയിരുന്നു.
എന്നാല്‍ നറുക്കിട്ട ചെറുകുടം കുലുക്കിയപ്പോള്‍ ആ ലോട്ടുകള്‍ തുറന്നു പോയതാകാമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ശബരിമല മേല്‍ശാന്തിയായി പി എന്‍ മഹേഷിനെയും മാളികപ്പുറം മേല്‍ശാന്തിയായി പി ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പര്‍ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്നാണ് ഹര്‍ജിയിലെ ആരോപണം. മേല്‍ശാന്തി നറുക്കെടുപ്പില്‍ പങ്കാളിയായിരുന്ന മധുസൂദനന് എന്ന വ്യക്തിയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.












