പാലക്കാട്: തൃത്താലയിൽ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട യുവാവിന്റെ സുഹൃത്തിന്റെ മൃതദേഹം കൂടി കണ്ടെത്തി. കണ്ണനൂർ സ്വദേശി അഹമ്മദ് കബീറിന്റെ (27) മൃതദേഹം ആണ് ഭാരതപ്പുഴയുടെ കരിമ്പനക്കടവിൽ നിന്നും കണ്ടെത്തിയത്. കഴുത്തറുത്താണ് കബീറും കൊലചെയ്യപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു.
രാവിലെയോടെയായിരുന്നു കബീറിന്റെ മൃതദേഹം കണ്ടെടുത്തത്. അൻസാറിന്റെ മരണത്തിന്റെ പിന്നാലെ കബീറിനായി പോലീസ് ഊർജ്ജിത അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണനൂർ കയത്തിന് സമീപം വെള്ളത്തിൽ കാലുകൾ പൊങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവത്തിൽ കസ്റ്റഡിയിൽ ഉള്ള മുസ്തഫയെ ചോദ്യം ചെയ്തുവരികയാണ്. മുസ്തഫയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അൻസാറും കബീറും മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണ്. മീൻ പിടിക്കാനായി കരിമ്പനക്കടവിൽ എത്തിയതായിരുന്നു മൂന്ന് പേരും. എന്നാൽ ഇതിന് പിന്നാലെ അൻസാറിനെ കഴുത്ത് അറുത്ത നിലയിൽ കാണുകയായിരുന്നു. അൻസാറിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും കണ്ടെത്തിയിട്ടുണ്ട്.












