പലാക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിൽ പല്ലിയുടെ അവശിഷ്ടം. പാലക്കാട് ആണ് സംഭവം. കല്ലേക്കാട് സ്വദേശി സുരേഷ് കുമാറിനാണ് മദ്യത്തിൽ നിന്നും പല്ലിയെ കിട്ടിയത്. സംഭവത്തെക്കുറിച്ച് നിർമ്മാണ കമ്പനിയെ അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്ന് സുരേഷ് പറഞ്ഞു.
ഒലവക്കോട് താണാവിലെ ഔട്ട്ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയത്. അര ലിറ്റർ മദ്യമായിരുന്നു വാങ്ങിയത്. തുടർന്ന് വീട്ടിൽ എത്തിയ കുപ്പി നോക്കിയപ്പോൾ നൂല് പോലെ എന്തോ ഒന്ന് ഇളകുന്നതായി കണ്ടു. ഇതോടെ സൂക്ഷിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്. വാൽഭാഗമാണ് കണ്ടത്. ഉടനെ ഇതുമായി ഔട്ട് ലെറ്റിൽ തിരികെ എത്തുകയായിരുന്നു.
മദ്യം തിരിച്ചെടുത്ത് വേറെ നൽകാൻ സുരേഷ് ആവശ്യപ്പെട്ടു. എന്നാൽ മദ്യം മാറ്റി നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുകയായിരുന്നു. കുപ്പിയിൽ നിന്ന് വാൽ ലഭിച്ച സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ല. നിർമ്മാണത്തിനിടെ പറ്റിയ പിശകായിരിക്കാം. അതിനാൽ മദ്യം മാറ്റി നൽകാൻ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം.
തുടർന്ന് തനിക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് മദ്യം നിർമ്മിച്ച തൃശ്ശൂർ മണ്ണുത്തിയിലെ കമ്പനിയ്ക്കും മദ്യ കമ്പിനിയുടെ ഇന്ത്യയിലെ ഉടമകൾക്കും ബെവ്കോയ്ക്കും സുരേഷ് കുമാർ കത്തയച്ചു. എന്നാൽ ഇവർ സുരേഷ് കുമാറിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.












