തൃശൂർ: കുന്നംകുളത്ത് റൂട്ട് കനാൽ ചികിത്സയ്ക്കിടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ. കുട്ടിയ്ക്ക് ശരീരത്തിൽ പെട്ടെന്ന് ഓക്സിജന്റെ അളവ് കുറഞ്ഞതും ഇതേ തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
മുണ്ടൂർ സ്വദേശികളായ കെവിൻ- ഫെൽജ ദമ്പതികളുടെ മകൻ ആരോൺ ആണ് മരിച്ചത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ് കുട്ടിയുടെ മൃതദേഹമുള്ളത്. ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഇന്നലെ കാലത്ത് പത്തരയോടെയാണ് റൂട്ട് കനാലുമായി ബന്ധപ്പെട്ട മൈനർ സർജറി പൂർത്തിയാക്കി നിരീക്ഷണത്തിലിരിക്കേ ആരോണ്‍ ജീവൻ നഷ്ടമായത് . കുന്നംകുളം മലങ്കര ആശുപത്രിയിൽ ആയിരുന്നു സംഭവം. ഏറെ നേരമായിട്ടും കുട്ടിയെ വീട്ടുകാരെ കാണിച്ചിരുന്നില്ല. ഇതേ തുടർന്ന് കുഞ്ഞിനെ കാണണമെന്ന് അറിയിച്ചപ്പോഴാണ് മരണ വിവരം ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചത്. ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടിയ്ക്ക് ജീവൻ നഷ്ടമായത് എന്നാണ് ബന്ധുക്കൾ പറയുന്നത്.
വൈകീട്ടോടെ തഹസീൽദാരുടെ സാന്നിധ്യത്തിൽ ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഇതിന് ശേഷമായിരുന്നു മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സംഭവത്തിൽ ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












