കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ കോടികൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കാക്കനാട് യൂറോ ഫ്ളൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേളി ഷംസീറിനെതിരെയാണ് പരാതി. ന്യൂസിലാൻഡിലേക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ന്യൂസ്ലാൻഡിൽ പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളത്തിൽ ജോലി ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഓരോരുത്തരിൽ നിന്നും 5 ലക്ഷം രൂപ വീതമാണ് ഷംസീർ തട്ടിയെടുത്തത്. 17 പേരടങ്ങുന്ന ആദ്യ സംഘത്തെ ഇന്നലെ ന്യൂസിലൻഡിലേക്ക് കൊണ്ടുപോകുമെന്നും താനും കൂടെ വരുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു ഷംസീർ.
വ്യാജ വിസിറ്റിംഗ് വിസയും വിമാന ടിക്കറ്റും നൽകിയശേഷമാണ് കാക്കനാട് യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ പാലക്കാട് സ്വദേശി ഷംസീർ പണം കൈപ്പറ്റിയത്. വിദേശത്തേക്ക് പോകാൻ തയാറായി എത്തിയവർ ഷംസീറിനെ കാണാഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലായത്. തട്ടിപ്പിന് ഇരയായവർ മിക്കവരും വീടും സ്വർണ്ണവും പണയപ്പെടുത്തിയാണ് ഷംസീറിന് പണം നൽകിയത്. തട്ടിപ്പിന് ഇരയായവർ തൃക്കാക്കര പോലീസിൽ പരാതി നൽകി.












