സാധാരണ ഒരു വണ്ടിനെയോ പ്രാണിയെയോ വീടിനുള്ളിൽ കണ്ടാൽ അടിച്ചുകൊന്ന് എടുത്തു കളയുന്നവരാണ് നമ്മൾ ഭൂരിഭാഗവും. എന്നാൽ ചില വണ്ടുകൾ ഭാഗ്യം കൊണ്ടു വരുന്നവരാണ് എന്നറിയാമോ? അങ്ങനെയൊരു സൂപ്പർസ്റ്റാർ വണ്ടാണ് സ്റ്റാഗ് ബീറ്റിൽ. ആള് നിസ്സാര കക്ഷി അല്ല. ഒരെണ്ണത്തിന് 75 ലക്ഷം രൂപ വരെ വില വരുന്ന ഇവർ പ്രാണികളുടെ ലോകത്തെ സെലിബ്രിറ്റിയാണ്. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ പ്രാണികളാണ് സ്റ്റാഗ് വണ്ടുകൾ.
വണ്ടുകളുടെ ലുക്കാനിഡേ കുടുംബത്തിൽ 1,200-ലധികം ഇനം വണ്ടുകൾ ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ മറ്റാർക്കും ഇല്ലാത്ത ചില പ്രത്യേകതകൾ കൊണ്ട് വ്യത്യസ്തരാണ് സ്റ്റാഗ് വണ്ടുകൾ. ചില പ്രത്യേക ഔഷധങ്ങൾ നിർമിക്കാൻ തുടങ്ങി വാസ്തുപരമായ ഭാഗ്യചിഹ്നമായി വരെ സ്റ്റാഗ് വണ്ടുകളെ ഉപയോഗിക്കുന്നുണ്ട്. 2 മുതൽ 6 ഗ്രാം വരെ ഭാരമുള്ള ഇവയ്ക്ക് ശരാശരി 3 മുതൽ 7 വർഷം വരെയാണ് ആയുസ്സ് ഉള്ളത്.
സന്ധിവാതം, നീർവീക്കം എന്നീ അസുഖങ്ങൾക്ക് ചില പ്രാദേശിക ഔഷധപ്രയോഗങ്ങളിൽ സ്റ്റാഗ് വണ്ടുകളെ ഉപയോഗിക്കാറുണ്ട്. സ്റ്റാഗ് ബീറ്റിൽ ഓയിൽ എന്നൊരു ഔഷധം തന്നെയുണ്ട്. ഇത് ചില രാജ്യങ്ങളിൽ ചെവിവേദനയ്ക്കും ബധിരത മാറ്റാനും എല്ലാം ഉപയോഗിക്കപ്പെടുന്നു. ഈ ആവശ്യങ്ങൾക്ക് കൂടാതെ സ്റ്റാഗ് വണ്ടുകളെ സമ്പത്തിനെ ആകർഷിക്കുന്ന ഭാഗ്യചിഹ്നമായും കരുതുന്നവരുണ്ട്. കൂടാതെ ഇവർ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ജീവികളാണ്. ഈ കാരണങ്ങളാൽ തന്നെ എപ്പോഴെങ്കിലും അപൂർവമായി ഒരു സ്റ്റാഗ് വണ്ടിനെ കണ്ടെത്തിയാൽ പിന്നെ ജീവിതം കോളടിച്ചു. ഓരോ വണ്ടുകളുടെയും വലിപ്പമനുസരിച്ച് വിലയിൽ വ്യത്യാസം വരാമെങ്കിലും നല്ല വലിപ്പമുള്ള വണ്ടുകൾക്ക് 75 ലക്ഷം രൂപ വരെയാണ് വില കിട്ടുക.












