യുഎഇ ആസ്ഥാനമായ ടെലികോം കമ്പനിയായ എറ്റിസലാറ്റിനെതിരെ (Etisalat) രാജ്യാന്തര മധ്യസ്ഥ നടപടികളിലേക്ക് നീങ്ങാൻ പാകിസ്താൻ ഒരുങ്ങുന്നു. പാകിസ്താൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനി ലിമിറ്റഡിന്റെ (PTCL) ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് ഏകദേശം 800 മില്യൺ ഡോളർ കുടിശ്ശികയായി തുടരുന്നതാണ് തർക്കത്തിന് കാരണം. 2005-ലാണ് പാകിസ്താൻ സർക്കാർ പി.ടി.സി.എല്ലിന്റെ 26 ശതമാനം ഓഹരികളും കമ്പനിയുടെ നടത്തിപ്പ് നിയന്ത്രണവും എറ്റിസലാറ്റ് കൈമാറിയത്. ഇടപാടിന്റെ ആകെ മൂല്യം 2.59 ബില്യൺ ഡോളറായിരുന്നു. ഇതിൽ 1.76 ബില്യൺ ഡോളർ പാകിസ്താന് ലഭിച്ചു. ശേഷിക്കുന്ന ഏകദേശം 800 മില്യൺ ഡോളർ ഇതുവരെ ലഭിച്ചിട്ടില്ല. കുടിശ്ശിക തുക മാത്രമല്ല, 2008 മുതൽ ഇതിന് ബാധകമായ സാമ്പത്തിക നഷ്ടപരിഹാരവും അധിക നാശനഷ്ടങ്ങളും ഈടാക്കാനാണ് പാകിസ്താന്റെ നീക്കം.
കരാറിന്റെ ഭാഗമായി കൈമാറേണ്ടിരുന്ന കൈവശഭൂമിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എറ്റിസലാറ്റ് തുക തടഞ്ഞുവെച്ചിരിക്കുന്നത്. ആകെ കൈമാറേണ്ട 3,246 സ്വത്തുക്കളിൽ 99 ശതമാനവും പാകിസ്ഥാൻ ഇതിനോടകം കൈമാറിക്കഴിഞ്ഞു. എന്നാൽ ശേഷിക്കുന്ന 32 ഭൂമികളുടെ കൈമാറ്റം പൂർത്തിയാകാത്തതാണ് പണം തടയാൻ എറ്റിസലാറ്റ് കാരണമായി പറയുന്നത്. ദീർഘകാലമായി തുടരുന്ന തർക്കം പരിഹരിക്കാൻ രൂപീകരിച്ച കമ്മറ്റികളുടെ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ തീരുമാനമായത്.
തങ്ങളുടെ പണം തിരികെ ലഭിക്കുന്നതിനായി അറ്റോർണി ജനറലിന്റെ നിയമോപദേശം തേടാൻ സഭാ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമപരമായ സാധ്യതകൾ പരിശോധിച്ച ശേഷം എറ്റിസലാറ്റിന് ഔദ്യോഗികമായി നോട്ടീസ് അയക്കാനാണ് പാകിസ്ഥാൻ സർക്കാരിന്റെ പദ്ധതി. വിദേശ നിക്ഷേപ കരാറുകളിൽ ഉണ്ടായ ഈ വലിയ സാമ്പത്തിക തർക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക ബന്ധങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.












