ആഗോള എണ്ണവ്യാപാരത്തിന്റെ നാഡിഞരമ്പായ തന്ത്രപ്രധാന ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് വൻ ഇളവ് പ്രഖ്യാപിച്ച് ഇറാൻ. ഇന്ത്യയെ കൂടാതെ ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ നാല് രാജ്യങ്ങളുടെയും ചരക്കുകപ്പലുകൾക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതി ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊഗദ്ദാം ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര തലത്തിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ ഇറാൻ ശക്തമായ നിരീക്ഷണവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ വാണിജ്യ-ചരക്ക് നീക്കങ്ങളെയും ഊർജ്ജ ആവശ്യങ്ങളെയും ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു നിർണ്ണായക ഇളവ് നൽകാൻ ഇറാൻ തീരുമാനിച്ചത്.
ലോകത്ത് വിതരണം ചെയ്യുന്ന അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന പാതയെന്ന നിലയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തീരുമാനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെയും വ്യാപാര ബന്ധങ്ങളെയും ബാധിക്കാതെ ചരക്കുനീക്കം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ തീരുമാനം സഹായിക്കും. സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇറാന്റെ ഈ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.










