ലൊസാഞ്ചലസ്: “ഞാൻ തൃശ്ശൂരിന്റെയും തിരുവനന്തപുരത്തിന്റെയും മകളാണ്”- വർഷങ്ങൾക്കു മുൻപ് ലോസ് ആഞ്ജലിസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിത്യാ രാമൻ പറഞ്ഞ ഈ വാക്കുകൾ വീണ്ടും ലോകമെമ്പാടുമുള്ള മലയാളികളുടെ നെഞ്ചിൽ അഭിമാന തരംഗമുയർത്തുകയാണ്. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ജലിസിന്റെ മേയർ പീഠത്തിലേക്ക് ചരിത്രപരമായ നേട്ടത്തോടെ മുന്നേറുകയാണ് 45-കാരിയായ ഈ മലയാളി വംശജ. നിലവിലെ മേയറും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ കരൻ ബാസിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് നിത്യ വിജയതീരത്തേക്ക് അടുക്കുന്നത്. അന്തിമ വിജയമുറപ്പിച്ചാൽ അമേരിക്കയിലെ പ്രമുഖ നഗരത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ചരിത്രനേട്ടം നിത്യാ രാമന് സ്വന്തമാകും.
2020-ൽ ലോസ് ആഞ്ജലിസ് സിറ്റി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിത്യാ രാമൻ അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ അമ്മ സുധയുടെയും തിരുവനന്തപുരം സ്വദേശിയായ അച്ഛൻ വെങ്കിട്ടരാമന്റെയും മകളായ നിത്യ, ആറാം വയസ്സിലാണ് കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറിയത്. പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിൽ ബിരുദവും എംഐടിയിൽ (MIT) നിന്ന് അർബൻ പ്ലാനിങ്ങിൽ മാസ്റ്റർ ബിരുദവും നേടിയ അവർ, നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങളും പാർപ്പിട പ്രതിസന്ധികളും പരിഹരിക്കാൻ നടത്തിയ പ്രായോഗിക ഇടപെടലുകളിലൂടെയാണ് ജനകീയ നേതാവായി ഉയർന്നത്.
നിത്യയുടെ ചരിത്രപരമായ ഈ മുന്നേറ്റത്തിൽ അമേരിക്കയ്ക്കൊപ്പം ആവേശത്തിലാണ് തൃശ്ശൂരും തിരുവനന്തപുരവും.തൃശ്ശൂരിൽ മുൻപ് നിത്യ ഭരതനാട്യം അവതരിപ്പിച്ചതിന്റെ ഓർമ്മകളും കുടുംബവേരുകളുമായുള്ള ആത്മബന്ധവും പ്രദേശവാസികൾ ഇന്നും മായാതെ സൂക്ഷിക്കുന്നു. തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. കർണ, കാവേരി എന്നീ ഇരട്ടക്കുട്ടികളുടെ അമ്മയായ നിത്യയ്ക്ക് കരുത്തായി ഭർത്താവും മാതാപിതാക്കളും സഹോദരൻ ആകാശും ഭർത്താവിന്റെ മാതാപിതാക്കളായ ധനലക്ഷ്മിയും ചന്ദ്രശേഖരനും സഹോദരി സുമയും ഉൾപ്പെടെയുള്ള വലിയൊരു കുടുംബ പശ്ചാത്തലമുണ്ട്. പോളിങ് ദിനത്തിൽ ലോസ് ആഞ്ജലിസിലെ പോളിങ് സ്റ്റേഷനു മുൻപിൽ കുടുംബസമേതമാണ് നിത്യ മാധ്യമങ്ങളെ കണ്ടത്. ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ യുഎസ് ഭരണസിരാകേന്ദ്രത്തിൽ ഒരു മലയാളി വനിതയുടെ പേര് പൊന്നക്ഷരങ്ങളിൽ എഴുതിച്ചേർക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള മലയാളി സമൂഹം.









