സാധാരണക്കാരന്റെ വിശപ്പടക്കാൻ ആശ്വാസമായിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ഒന്നൊന്നായി പൂട്ടിപ്പോകുന്നു. കോവിഡ് കാലത്ത് ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അടിസ്ഥാനത്തിൽ ആരംഭിച്ച 99 പൊതുഅടുക്കളകൾ പിന്നീട് ജനകീയ ഹോട്ടലുകളായി മാറിയെങ്കിലും, സാമ്പത്തിക പ്രതിസന്ധിയും സഹായങ്ങൾ മുടങ്ങിയതും കാരണം ഭൂരിഭാഗത്തിനും താഴുവീണു. നിലവിൽ വെറും 36 ഹോട്ടലുകൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഈ സംരംഭത്തിന് തുടക്കമിട്ടത്. എന്നാൽ സർക്കാരിൽ നിന്ന് ഒരു ഊണിന് ലഭിച്ചിരുന്ന 10 രൂപ സബ്സിഡി നിലച്ചതാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ച പ്രധാന ഘടകം.ഇതിനുപുറമേ സിവിൽ സപ്ലൈസ് വഴി കുറഞ്ഞ നിരക്കിൽ അനുവദിച്ചിരുന്ന അരി വിതരണം മുടങ്ങിയതും പാചകവാതകം, പച്ചക്കറികൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം തീർത്തും അപ്രായോഗികമാക്കി മാറ്റുകയായിരുന്നു.
പ്രവർത്തനച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ ഇതിനകം 63 ഹോട്ടലുകൾ പൂർണ്ണമായും പൂട്ടിപ്പോയി. ഡ്രൈവർമാർ,ചുമട്ടുതൊഴിലാളികൾ, ദിവസവേതനക്കാർ, സാധാരണക്കാരായ യാത്രക്കാർ എന്നിവരുടെ പ്രധാന ഭക്ഷണ സങ്കേതമായിരുന്നു ഈ കുറഞ്ഞ നിരക്കിലുള്ള ഭക്ഷണശാലകൾ. പലയിടത്തും തദ്ദേശ സ്ഥാപനങ്ങൾ നൽകേണ്ടിയിരുന്ന കെട്ടിട വാടക, വൈദ്യുതി-വെള്ളക്കരം തുടങ്ങിയ ഇളവുകളും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കാതെ വന്നതോടെ കുടുംബശ്രീ സംരംഭകരായ വനിതകൾ സ്വന്തം കൈയിൽ നിന്ന് പണമെടുത്താണ് ഒടുവിൽ പൂട്ടിയിടേണ്ട സ്ഥിതിയിലെത്തിയത്. സബ്സിഡിയും ആവശ്യമായ പിന്തുണയും പുനരാരംഭിച്ചില്ലെങ്കിൽ ബാക്കിയുള്ള ഹോട്ടലുകൾ കൂടി ഉടൻ അടച്ചുപൂട്ടേണ്ടി വരും.










