തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ സ്വകാര്യ ഓൺലൈൻ വൈദ്യുതി വിപണന പ്ലാറ്റ്ഫോമായ ജി.എൻ.എ (GNA) എനർജിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ സർക്കാരും കെ.എസ്.ഇ.ബിയും നേർക്കുനേർ. ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാദിക്കുമ്പോൾ, ഈ നീക്കം സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയും ഗുരുതര നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന കെ.എസ്.ഇ.ബിയുടെ ആഭ്യന്തര നോട്ട് പുറത്തുവന്നു. കെ.എസ്.ഇ.ബി കൊമേഴ്സ്യൽ ആൻഡ് താരിഫ് വിഭാഗം ചീഫ് എൻജിനിയർ തയ്യാറാക്കിയ ഈ എതിർപ്പ് കുറിപ്പ് സർക്കാരിന് കൈമാറിയതിന് തൊട്ടുപിന്നാലെയാണ് കെ.എസ്.ഇ.ബി ചെയർമാനായിരുന്ന ഡോ. എം.ജി. രാജമാണിക്യത്തെ സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റിയതെന്ന റിപ്പോർട്ടുകളും വൻ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതോടെയാണ് പുതിയ കരാർ ചർച്ചകൾക്ക് തുടക്കമായത്. പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നേരിട്ടിടപെട്ട് ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി എത്തിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ യൂണിറ്റിന് 20 രൂപ നിരക്കിൽ, വൈദ്യുതി ആവശ്യമില്ലാത്ത പകൽ സമയത്തും വൻ തുക നൽകി വൈദ്യുതി വാങ്ങുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കണ്ടാണ് ആ നീക്കത്തിൽനിന്ന് പിന്മാറിയതെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി.
എന്നാൽ പ്രതിസന്ധി രൂക്ഷമായതോടെ ഒടുവിൽ കെ.എസ്.ഇ.ബി ഡയറക്ടർമാർ ഹിമാചൽ പവർ കോർപ്പറേഷനുമായി നേരിട്ട് ചർച്ച നടത്തുകയും, പവർ ട്രേഡിങ് കോർപ്പറേഷന്റെ (PTC) ഇടനിലയിൽ ഒക്ടോബർ മുതൽ മേയ് വരെ യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ ധാരണയിലെത്തുകയും ചെയ്തു. ഇതിലൂടെ പവർകട്ട് ഒഴിവാക്കാൻ സാധിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി സ്വകാര്യ ഓവർ ദ കൗണ്ടർ (OTC) പ്ലാറ്റ്ഫോമായ ജി.എൻ.എ എനർജി രംഗപ്രവേശം ചെയ്യുന്നത്. വരും വർഷം മാർച്ച് വരെ പകലും രാത്രിയും ഒരുപോലെ 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപ നിരക്കിൽ നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഹിമാചലിലെ ഉയർന്ന നിരക്കിനെക്കാൾ ഇതാണ് ലാഭകരമെന്ന് മുഖ്യമന്ത്രി സഭയിലും പുറത്തും വ്യക്തമാക്കിയെങ്കിലും, രാത്രിയിലെ പീക്ക് സമയത്തെ യഥാർത്ഥ ആവശ്യങ്ങൾക്ക് ജി.എൻ.എ കരാർ പരിഹാരമാകില്ലെന്നാണ് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നത്.
പകൽ സമയത്ത് അധിക വൈദ്യുതി ആവശ്യമില്ലാത്തപ്പോഴും ജി.എൻ.എയിൽ നിന്ന് നിർബന്ധമായി 500 മെഗാവാട്ട് വാങ്ങേണ്ടി വരുന്നത് യഥാർത്ഥത്തിൽ അനാവശ്യ ചെലവും അധിക ബാധ്യതയും ഉണ്ടാക്കുമെന്ന് ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വിപണി നിയമങ്ങളും മാനദണ്ഡങ്ങളും മറികടന്ന് സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കുന്നതിലെ നിയമപ്രശ്നങ്ങളും കെ.എസ്.ഇ.ബി ഉന്നയിച്ചിട്ടുണ്ട്. ബോർഡിന്റെയും സാങ്കേതിക വിദഗ്ദ്ധരുടെയും മുന്നറിയിപ്പുകൾ അവഗണിച്ച് സ്വകാര്യ കരാറുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വൈദ്യുതി വകുപ്പിനുള്ളിൽ തർക്കവും പ്രതിഷേധവും പുകയുകയാണ്.











