‘ന്യൂഡൽഹി: രാംലീല മൈതാനത്ത് സംഘടിപ്പിച്ച ‘ചലോ ദില്ലി’ പ്രതിഷേധ റാലിയിൽ പങ്കെടുക്കാതിരുന്ന യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ് നേതൃത്വം. മധ്യപ്രദേശ് ഘടകത്തിലെ 9 ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 60 ഭാരവാഹികളെയാണ് സംഘടനാപരമായ അച്ചടക്കമില്ലായ്മ ആരോപിച്ച് പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിനുള്ളിൽ വൻ അമർഷവും പ്രതിഷേധവും പുകയുകയാണ്.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടി വിജയമാക്കാൻ ഹൈക്കമാൻഡ് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ മധ്യപ്രദേശിൽ നിന്നുള്ള പ്രധാന ഭാരവാഹികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം റാലിയിൽ പങ്കെടുക്കാതെ വിട്ടുനിന്നത് നേതൃത്വത്തെ ചൊടിപ്പിച്ചു. തുടർന്നാണ് അച്ചടക്കനടപടിയുടെ ഭാഗമായി അഞ്ച് വൈസ് പ്രസിഡന്റുമാർ, 14 ജനറൽ സെക്രട്ടറിമാർ, 32 സെക്രട്ടറിമാർ, ഒൻപത് ജില്ലാ പ്രസിഡന്റുമാർ എന്നിവരെ അടിയന്തരമായി സസ്പെൻഡ് ചെയ്തുകൊണ്ട് ഔദ്യോഗിക ഉത്തരവിറക്കിയത്.
അതേസമയം, പ്രഖ്യാപിച്ച കൂട്ട സസ്പെൻഷനെതിരെ സസ്പെൻഷൻ നേരിട്ട നേതാക്കൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിന് മുൻപ് യാതൊരുവിധ കാരണം കാണിക്കൽ നോട്ടീസും നൽകിയില്ലെന്നാണ് നേതാക്കളുടെ പ്രധാന പരാതി. വിശദീകരണം പോലും ചോദിക്കാതെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്ത നടപടി സംഘടനാ വിരുദ്ധമാണെന്നും ഇവർ ആരോപിക്കുന്നു. ഇത്രയധികം ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും ഒരുമിച്ച് നടപടി നേരിട്ടതോടെ മധ്യപ്രദേശ് യൂത്ത് കോൺഗ്രസിൽ വലിയ നേതൃപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. വിഷയം ദേശീയ നേതൃത്വത്തിന് മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ് അസംതൃപ്തരായ നേതാക്കൾ.












