ബീഹാറിലെ പട്ന ജില്ലയിൽ പൊലീസും പ്രത്യേക ദൗത്യസേനയും (STF) ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് കുറ്റവാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ പട്നയിലെ മനേർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷേർപൂർ ഗംഗാ ഘട്ടിന് സമീപമാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിനിടെ മനേർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ) രജനീഷ് കുമാറിന് കൈക്ക് വെടിയേറ്റു.
പ്രാദേശിക നേതാവായ സഞ്ചീത് കുമാറിന്റെ കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതികൾ പ്രദേശത്ത് തടിച്ചുകൂടിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് പ്രതികളെ പിടികൂടാൻ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ക്രിമിനലുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് മൂന്ന് പ്രതികൾക്കും വെടിയേറ്റതും തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചതും.
കൊല്ലപ്പെട്ടവർ ജെ.പി. യാദവ്, ബാബ്ലു കുമാർ, രാജാ ശർമ്മ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ജെ.പി. യാദവ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനും ബാബ്ലു കുമാർ പ്രധാന ഷൂട്ടറുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ രജനീഷ് കുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









