ഇന്ത്യയുടെ കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന പൗരന്മാർക്കുള്ള തിരിച്ചറിയൽ രേഖാ പരിശോധന കൂടുതൽ കർശനമാക്കി. 2026 നവംബർ 4-ന് പുറത്തിറക്കിയ പുതിയ ഉത്തരവ് നവംബർ 5 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ഇന്ത്യക്കാർ നേപ്പാളിലേക്കോ ഭൂട്ടാനിലേക്കോ കരമാർഗമോ വിമാനമാർഗമോ യാത്ര ചെയ്യുമ്പോൾ സർക്കാർ പുറത്തിറക്കുന്ന വിസ മാനുവലിൽ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിലൊന്ന് ഹാജരാക്കണം. നേപ്പാൾ, ഭൂട്ടാൻ പൗരന്മാർ ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോഴും ഇന്ത്യയിൽനിന്ന് മടങ്ങുമ്പോഴും ഇതേ വ്യവസ്ഥ ബാധകമാണ്. ആവശ്യപ്പെടുന്ന വിവരങ്ങൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് നൽകുകയും വേണം.
എന്നാൽ ചില യാത്രകൾക്ക് പാസ്‌പോർട്ടും വിസയും നിർബന്ധമാക്കിയിട്ടുണ്ട്. നേപ്പാൾ, ഭൂട്ടാൻ പൗരന്മാർ ഇന്ത്യയിലേക്ക് വരുമ്പോഴോ ഇന്ത്യയിൽനിന്ന് പോകുമ്പോഴോ ചൈന, മക്കാവു, ഹോങ്കോങ്, പാകിസ്ഥാൻ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ സാധുവായ പാസ്‌പോർട്ടും വിസയും കൈവശം വേണം. നേപ്പാളിലേക്കോ ഭൂട്ടാനിലേക്കോ പോകുന്നതിന് പകരം മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ-നേപ്പാൾ, ഇന്ത്യ-ഭൂട്ടാൻ അതിർത്തികൾ ഉപയോഗിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും ഈ ഇളവ് ലഭിക്കില്ല. ഇവർ സാധുവായ പാസ്‌പോർട്ട് കൈവശം വയ്ക്കുകയും അംഗീകൃത ഇമിഗ്രേഷൻ കേന്ദ്രങ്ങളിലൂടെ മാത്രം യാത്ര ചെയ്യുകയും വേണം. അതേസമയം, ഇന്ത്യയിലെ ചില വിദേശ പൗരന്മാർക്കും അഭയാർഥികൾക്കും പാസ്‌പോർട്ട്, വിസ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. മതപീഡനത്തെത്തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗക്കാർക്ക് 2024 ഡിസംബർ 31-നോ അതിന് മുമ്പോ ഇന്ത്യയിലെത്തിയവരാണെങ്കിൽ ഈ ഇളവ് ലഭിക്കും.
കൂടാതെ, 2009 ഡിസംബർ 31-നോ അതിന് മുമ്പോ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ എത്തിയ ചില പാകിസ്ഥാൻ പൗരന്മാർക്കും പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഇളവുകൾ അനുവദിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ കമ്പ്യൂട്ടറൈസ്ഡ് നാഷണാലിറ്റി ഐഡന്റിറ്റി കാർഡ് ഇല്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തവരാണ് ഇതിൽ ഉൾപ്പെടുന്നത്. 1947-നും 1965-നും ഇടയിൽ പാകിസ്ഥാനിലേക്ക് പോയി പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയ ചില മുൻ ഇന്ത്യൻ പൗരന്മാർക്കും പ്രത്യേക ഇളവുണ്ട്. രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴ് അഭയാർഥികൾ, നിശ്ചിത വ്യവസ്ഥകൾ പാലിച്ച് ഇന്ത്യയിലെത്തിയ ടിബറ്റൻ പൗരന്മാർ എന്നിവരെയും പുതിയ ഉത്തരവ് പരിഗണിക്കുന്നു. എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഇന്ത്യയിൽ തുടർന്നും താമസിക്കാൻ ആവശ്യമായ വിസ നേടേണ്ടതുണ്ട്. കുടിയേറ്റ നടപടികൾ കൂടുതൽ വ്യക്തവും ക്രമബദ്ധവുമാക്കുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യമെന്ന് സർക്കാർ വിശദീകരിക്കുന്നു.












