സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ അമിതവേഗതയിലും അപകടകരമായ മരണപ്പാച്ചിലിലും കടുത്ത അമർഷവും രൂക്ഷവിമർശനവുമായി ഹൈക്കോടതി. റോഡിലിറങ്ങുന്ന ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാരെപ്പോലെയാണ് പെരുമാറുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജീവനേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും അപകടകരമായ ഡ്രൈവിങ് രീതി ഉടൻ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് വ്യക്തമാക്കി.
എന്തുതരം ഡ്രൈവിങ്ങാണിതെന്നും ഡ്രൈവർമാരുടെ ഇത്തരം പെരുമാറ്റം മാനസികാസ്വാസ്ഥ്യമുള്ളവരുടേതിന് സമാനമാണെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. റോഡരികിൽ ആളുകളുണ്ടോ എന്ന് പോലും നോക്കാതെയാണ് ഡ്രൈവർമാരുടെ പോക്ക്. ഇടതുവശത്തുകൂടി അപകടകരമായി മറികടക്കുന്ന ഡ്രൈവർമാർ വാഹനം ഓടിക്കാൻ പോയിട്ട് ലൈസൻസിന് പോലും യോഗ്യരല്ലെന്ന് കോടതി കൂട്ടിച്ചേർത്തു. നിരത്തുകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ ഫുട്പാത്തുകൾ പോലുമില്ലാത്തതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട യുവതിക്ക് റോഡിൽ നിന്ന് ഒഴിഞ്ഞുമാറാൻ പോലും ഇടമുണ്ടായിരുന്നില്ല. പൗരന്മാർക്ക് അടിസ്ഥാന സുരക്ഷയെങ്കിലും നൽകാൻ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കിൽ അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തോട് പോയി മാപ്പുപറയുകയാണ് വേണ്ടതെന്നും ഹൈക്കോടതി തുറന്നടിച്ചു.
എല്ലാ ദിവസവും ഇത്തരം ദാരുണമായ അപകടങ്ങൾ നിരത്തുകളിൽ ആവർത്തിക്കുകയാണ്. ബസിനുള്ളിലുള്ളവരുടെയും പുറത്തുള്ളവരുടെയും ജീവന് ഒരു സുരക്ഷിതത്വവുമില്ല. സ്വകാര്യ ബസ് ഡ്രൈവർമാർക്ക് നിയമത്തോടോ പൊലീസിനോടോ യാതൊരു ഭയവുമില്ലെന്ന് വ്യക്തമാണ്. നിരത്തിലെ ഈ മരണപ്പാച്ചിൽ തടയാൻ പൊലീസ് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. സമയക്രമം പാലിക്കാനാണ് വേഗത കൂട്ടുന്നതെന്ന വാദം യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ല. ബസുകളുടെ സമയക്രമത്തെക്കുറിച്ച് ആലോചിക്കേണ്ടത് പൊലീസിന്റെ ജോലിയല്ല. കൊച്ചി പഴയ കൊച്ചിയല്ലെന്നും നിരത്തുകളിൽ വാഹനങ്ങളുടെയും ജനങ്ങളുടെയും തിരക്ക് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.











