ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മാതൃരാജ്യത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നുവെന്ന വാർത്തകളെയും നീക്കങ്ങളെയും തള്ളി ധാക്കയിലെ തരീഖ് റഹ്മാൻ ഭരണകൂടം. ഹസീനയുടെ പുതിയ പാസ്‌പോർട്ട് അപേക്ഷയും തിരിച്ചുവരവ് പ്രഖ്യാപനങ്ങളും വെറും “രാഷ്ട്രീയ ഗിമ്മിക്” മാത്രമാണെന്നും, നിലവിലെ സാഹചര്യത്തിൽ രാജ്യത്തേക്ക് മടങ്ങിയെത്താൻ അവർക്ക് യാതൊരു താല്പര്യവുമില്ലെന്നും ബംഗ്ലാദേശ് സർക്കാർ പ്രതികരിച്ചു.
ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ഓഫീസിൽ വെച്ച് പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും (NID) ഹസീന അപേക്ഷ നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരികെ എത്താനാണ് ഹസീന പദ്ധതിയിടുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സജീവമായതോടെയാണ് വിദേശകാര്യ മന്ത്രാലയവും ചീഫ് പ്രോസിക്യൂട്ടർ എം.ഡി. അമിനുൽ ഇസ്‌ലാമും രംഗത്തെത്തിയത്. രാജ്യത്ത് നിന്ന് പലായനം ചെയ്ത ഒരു വിചാരണത്തടവുകാരിക്ക് പുതിയ യാത്രാരേഖകളോ പാസ്‌പോർട്ടോ അനുവദിക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കി.
2024 ഓഗസ്റ്റിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് 79-കാരിയായ ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുകയും ഇന്ത്യയിലേക്ക് അഭയം പ്രാപിക്കുകയും ചെയ്യേണ്ടി വന്നത്. തുടർന്ന് ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ അവർക്കെതിരെ മരണശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഹസീനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് അയച്ച ഔദ്യോഗിക അഭ്യർത്ഥന തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിഷയത്തിൽ അന്വേഷണവും പരിശോധനയും പുരോഗമിക്കുകയാണെന്നും ഭാരതീയ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഹസീനയുടെ നീക്കങ്ങൾ ധാക്കയിലെ പുതിയ സർക്കാരിന്മേൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണെന്നാണ് വിലയിരുത്തൽ.












