പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) ഉൾപ്പെടെ 10 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബുധനാഴ്ച കോഹാട്ട് ജില്ലയിലെ ഗംബാത്ത് മേഖലയിലാണ് ആക്രമണം നടന്നത്. അനധികൃത സ്വർണഖനനത്തിനെതിരെ പരിശോധന നടത്താൻ പോവുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. കോഹാട്ടിനും കാരക്കിനും ഇടയിലുള്ള ദർബോകാച്ച് ജലന്ധർ ബന്ദ പ്രദേശത്ത് വെച്ചായിരുന്നു സംഭവം. സമീപത്തെ കുന്നിൻമുകളിൽ ഒളിച്ചിരുന്ന അക്രമികൾ പൊലീസ് വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
കൊല്ലപ്പെട്ടവരിൽ ഗംബാത്ത് ഡിഎസ്പി ഹൈദർ സമാനും സബ് ഇൻസ്പെക്ടർ മുഖ്തിയാറും ഉൾപ്പെടുന്നു. ആക്രമണത്തിനിടെ അഞ്ച് പൊലീസ് വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. തുടർന്ന് പൊലീസും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുണ്ടായി. കൂടുതൽ പൊലീസ് സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സംഭവസ്ഥലത്തേക്ക് അയച്ചു. കോഹാട്ടിലെ ജില്ലാ ആസ്ഥാന ആശുപത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഖൈബർ പഖ്തൂൺഖ്വ ഉൾപ്പെടെയുള്ള പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ അടുത്തകാലത്തായി സുരക്ഷാസേനയ്ക്കെതിരായ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ ഭീകരസംഘടനകളുടെ പ്രവർത്തനം പാകിസ്ഥാൻ സർക്കാരിന് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നതായും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.












