ന്യൂഡൽഹി: 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ കാർഷിക മേഖലയുടെ സമഗ്രമായ വികസനവും സ്മാർട്ട് ഫാമിംഗും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ടുഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ‘കിസാൻ തക് ഭാരത് അഗ്രികൾച്ചർ കോൺഫറൻസ് 2026’-ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘വികസിത ഭാരതത്തിനായി സ്മാർട്ട് കർഷകർ’ എന്ന സമ്മേളനത്തിന്റെ പ്രമേയം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കൃഷിയെ ആധുനികവൽക്കരിക്കാതെയും കർഷകരെ ശാക്തീകരിക്കാതെയും വികസിത ഭാരതം കെട്ടിപ്പടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങളോളം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ,അറുപതുകളിലെ ഹരിതവിപ്ലവത്തിലൂടെയാണ് ഭക്ഷ്യസുരക്ഷ കൈവരിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന് രാജ്യത്തെ ധാന്യപ്പുരകൾ നിറഞ്ഞിരിക്കുകയാണ്. എന്നാൽ, ഭക്ഷ്യധാന്യ ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം രാജ്യം വികസിതമാകില്ലെന്നും, മാറുന്ന കാലത്തിനനുസരിച്ച് കാർഷിക രീതികളിലും വലിയ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടിന്റെ തുടക്കം മുതൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ നമുക്ക് ചുറ്റുമുള്ള എല്ലാ മേഖലകളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ രാജ്യത്തെ 45 മുതൽ 50 ശതമാനം വരെ തൊഴിലാളികൾ ആശ്രയിക്കുന്ന കാർഷിക മേഖലയിൽ ഇന്നും പഴയ രീതികൾ തന്നെയാണ് തുടരുന്നത്. ലോകവും വിപണിയും ജനങ്ങളുടെ ഭക്ഷണരീതികളും കാലാവസ്ഥയും സാങ്കേതികവിദ്യയുമെല്ലാം മാറിക്കഴിഞ്ഞു. ഈ മാറ്റങ്ങൾക്കനുസരിച്ച് കർഷകരെ പുതിയ കാലത്തിനൊത്ത് ശാക്തീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ മുൻകാലങ്ങളിൽ ഇതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.
പരമ്പരാഗത കൃഷിരീതികളിൽ നിന്നും മാറി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൃഷി ലാഭകരമാക്കുന്ന ‘സ്മാർട്ട് ഫാമിംഗ്’ രീതികളിലേക്ക് കർഷകർ മാറേണ്ടതുണ്ട്. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണിയിൽ മികച്ച മൂല്യം ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഭാവി ഇന്ത്യയുടെ വികസന കുതിപ്പിൽ കർഷകരുടെ പങ്ക് നിർണായകമായിരിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.












