കെയ്റോ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. കരാർ യാഥാർത്ഥ്യമാകുന്നതോടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രത്യേക മുൻഗണന (Preferential Trade Access) ലഭിക്കുമെന്നതാണ് ഇതിലെ ഏറ്റവും വലിയ നേട്ടം. ഈജിപ്ത് സന്ദർശനത്തിനിടെ കെയ്റോയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ, അമേരിക്കൻ വിപണിയിൽ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ ഇറക്കുമതി തീരുവയാകും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നേരത്തെ ധാരണയായ വിശാലമായ ചട്ടക്കൂടിന്റെ ഭാഗമായാണ് അമേരിക്ക ഇന്ത്യയ്ക്ക് ഈ ഉറപ്പ് നൽകിയിരിക്കുന്നതെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ഇത് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക്, പ്രത്യേകിച്ച് ടെക്സ്റ്റൈൽസ്, ലെതർ, രാസവസ്തുക്കൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ (MSME) എന്നിവയ്ക്ക് വലിയ ഉണർവ് നൽകും.
എന്നാൽ, ഇറക്കുമതി തീരുവ കൃത്യമായി എത്ര ശതമാനമായിരിക്കും എന്ന കാര്യത്തിൽ അന്തിമ വ്യക്തത വരാനുണ്ട്. അമേരിക്കൻ സുപ്രീം കോടതി ട്രംപിന്റെ മുൻപത്തെ പകരച്ചുങ്കം (Reciprocal Tariffs) റദ്ദാക്കിയ സാഹചര്യത്തിൽ, അമേരിക്ക പുതിയ തീരുവ നയങ്ങൾ രൂപീകരിച്ചുവരികയാണ്. ഈ പുതിയ തീരുവ ചട്ടക്കൂട് പൂർണ്ണരൂപത്തിലാകുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന നികുതിയിളവിന്റെ തോത് സംബന്ധിച്ച് കൃത്യമായ ചിത്രം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വ്യാപാര കരാറിന്റെ ആദ്യഘട്ടം ഈ വർഷം അവസാനത്തോടെ തന്നെ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 14, 15 തീയതികളിൽ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ വ്യാപാര കരാറിന്റെ ആദ്യഘട്ടം സംബന്ധിച്ച് നിർണ്ണായക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ വളരെ സുഗമമായി മുന്നോട്ട് പോവുകയാണെന്നും ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമായ മികച്ചൊരു കരാറായിരിക്കും ഇതെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.










