തെലങ്കാനയിലെ ഹൈദരാബാദിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ഭാരത് സമ്മിറ്റ് 2026’ വേദിയിൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്ക് ഉയർത്തിയ ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ (വോട്ട് കള്ളന്മാർ അധികാരമൊഴിയുക) എന്ന മുദ്രാവാക്യം ദേശീയ രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റിന് തിരികൊളുത്തി. പ്രസംഗത്തിനിടെ ഇറ്റാലിയൻ നേതാവ് ഈ മുദ്രാവാക്യം മുഴക്കിയപ്പോൾ വേദിയിലുണ്ടായിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചിരിച്ചുകൊണ്ട് കയ്യടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപിയും ബിആർഎസും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശ ഇടപെടലിന് കോൺഗ്രസ് വഴിയൊരുക്കുകയാണെന്നാണ് ഭരണപക്ഷത്തിന്റെ പ്രധാന ആരോപണം.
സംഭവത്തിൽ രാഹുൽ ഗാന്ധിയെ പേരെടുത്ത് പറയാതെ പരിഹസിച്ചുകൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. “ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്ന ഇന്ത്യക്കാരൻ ആരാണെന്നല്ല ഞാൻ ചോദിക്കുന്നത്” എന്നായിരുന്നു കിരൺ റിജിജുവിന്റെ എക്സ് (ട്വിറ്റർ) പോസ്റ്റ്. വിദേശ നേതാക്കളെ വേദിയിലിരുത്തി ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
പാർട്ടി ഓഫ് യൂറോപ്യൻ സോഷ്യലിസ്റ്റ്സ് (പിഇഎസ്) സെക്രട്ടറി ജനറലും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കടുത്ത രാഷ്ട്രീയ വിമർശകനുമായ ജിയാക്കോമോ ഫിലിബെക്കാണ് വിവാദ പരാമർശം നടത്തിയത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പ്രചാരണങ്ങളെ പിന്തുണച്ച ഫിലിബെക്ക്, ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ജനാധിപത്യ തത്വം സംരക്ഷിക്കാൻ രാഹുൽ പോരാടുകയാണെന്ന് പ്രശംസിച്ചു. രണ്ടാഴ്ച മുൻപ് ഡൽഹിയിലെ രാംലീല മൈതാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിനെ പരാമർശിച്ച അദ്ദേഹം, ഹിന്ദിയിൽ ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ എന്ന് വിളിച്ചതിന് പിന്നാലെ ഇംഗ്ലീഷിലും അത് ആവർത്തിച്ചു. ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും അതിനെ സംരക്ഷിക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമൊപ്പം നിൽക്കണമെന്നും ഫിലിബെക്ക് ആഹ്വാനം ചെയ്തു.
എന്നാൽ, ഒരു വിദേശ രാഷ്ട്രീയ നേതാവ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ തിരിച്ചടിച്ചു. രാജ്യത്തിനകത്ത് മുദ്രാവാക്യം വിളിക്കാൻ ആളെ കിട്ടാത്തതുകൊണ്ടാണ് കോൺഗ്രസ് വിദേശികളെ ഇറക്കുമതി ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിദേശ യജമാനന്മാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തുള്ളുന്ന പാവയെപ്പോലെയാണ് രാഹുൽ ഗാന്ധി പെരുമാറുന്നതെന്നും, ഇത് രാജ്യദ്രോഹമാണെന്നും തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദർ റാവുവും കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാറും ആരോപിച്ചു. തെലങ്കാനയിലെ പ്രതിപക്ഷമായ ബിആർഎസും കോൺഗ്രസ് നടപടിയെ രൂക്ഷമായി വിമർശിച്ചു.
അതേസമയം, വിവാദത്തിൽ കോൺഗ്രസിനെയും ഇറ്റാലിയൻ നേതാവിനെയും പ്രതിരോധിച്ചുകൊണ്ട് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് ‘മെലഡി’ ചോക്ലേറ്റ് നൽകാമെങ്കിൽ, ഒരു ഇറ്റാലിയൻ രാഷ്ട്രീയ നേതാവിന് ഇവിടെ വന്ന് ഇന്ത്യയെക്കുറിച്ച് സംസാരിക്കാനും അവകാശമുണ്ടെന്ന് റാവത്ത് പരിഹസിച്ചു.









