ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ സംഘർഷം അതിരൂക്ഷമാകുന്നു. ഷെയ്ഖ് ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിൽ അവാമി ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം വൻ അക്രമത്തിൽ കലാശിച്ചു. വടിവാളുകളും കുന്തങ്ങളുമായി തെരുവിലിറങ്ങിയ നൂറുകണക്കിന് പ്രവർത്തകർ പോലീസിന്റെ കവചിത വാഹനത്തിന് തീയിടുകയും പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും ചെയ്തു.
2024 ഓഗസ്റ്റിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതാണ് പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയത്. പ്രക്ഷോഭകരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ 79-കാരിയായ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ വധശിക്ഷയെ ഭയപ്പെടുന്നില്ലെന്നും “മരണമാണ് വിധിയെങ്കിൽ സ്വന്തം നാട്ടിലെ മണ്ണിൽ, സ്വന്തം ജനങ്ങൾക്കിടയിൽ മരിക്കാനാണ് ആഗ്രഹിക്കുന്നത്” എന്നും ഹസീന വ്യക്തമാക്കിയതോടെയാണ് അണികൾ ആവേശത്തിലായത്.
ഞായറാഴ്ച ഗോപാൽഗഞ്ച് പട്ടണത്തിൽ പോലീസ് ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ 2024 ഓഗസ്റ്റ് അഞ്ചിന് ഹസീന സർക്കാരിനെ പുറത്താക്കിയതിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകം തകർത്തു. സ്ത്രീകളടക്കം നിരവധി പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീനയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നത് വരെ തെരുവിലെ പോരാട്ടം തുടരുമെന്ന് അവാമി ലീഗ് ജില്ലാ നേതാവ് ഇല്യാസ് ഹഖ് പ്രഖ്യാപിച്ചു. നേരത്തെ, ഹസീനയുടെ ജന്മസ്ഥലമായ തുംഗിപ്പാറയിൽ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബി.എൻ.പി) രണ്ട് ഓഫീസുകൾ അജ്ഞാതർ തീയിട്ട് നശിപ്പിച്ചിരുന്നു.
സംഘർഷം നിയന്ത്രണാതീതമായതോടെ ഗോപാൽഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറെയും പോലീസ് സൂപ്രണ്ടിനെയും സർക്കാർ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കി. അവാമി ലീഗിന്റെ ശക്തികേന്ദ്രമായ ഗോപാൽഗഞ്ചിൽ കലാപവിരുദ്ധ പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗമായ ബോർഡർ ഗാർഡ് ബംഗ്ലാദേശിനെയും (ബി.ജി.ബി) വിന്യസിച്ചിട്ടുണ്ട്. അട്ടിമറി ശ്രമങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം സ്ഥിതിഗതികൾ വിലയിരുത്തുകയും താഴെത്തട്ടിൽ സജീവമാകാൻ ബി.എൻ.പി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഉഭയകക്ഷി കരാർ പ്രകാരം ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസീനയ്ക്ക് മടങ്ങിവരാനായി ലണ്ടൻ ആസ്ഥാനമായുള്ള നിയമസ്ഥാപനം വഴി പാസ്‌പോർട്ടിനായി നൽകിയ അപേക്ഷ ബംഗ്ലാദേശ് സർക്കാർ തള്ളിക്കളഞ്ഞു. ഹസീനയെ കൈമാറുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണെന്നും നിയമമന്ത്രി എം.ഡി ആസാദുസ്സമാൻ വ്യക്തമാക്കി. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യ സന്ദർശനത്തിന് അനുകൂലമായ അന്തരീക്ഷം ഒരുങ്ങണമെങ്കിൽ ഹസീനയടക്കമുള്ളവരെ കൈമാറണമെന്ന നിലപാടിലാണ് ധാക്ക. എന്നാൽ, ഇതൊരു നിയമപരമായ വിഷയമാണെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്.











