വർഷത്തിലൊരിക്കൽ വേനൽക്കാലത്ത് മാത്രം പാൽ വില കൂട്ടിയിരുന്ന പതിവ് രീതി തെറ്റിച്ച്, ആറ് മാസത്തിനിടെ രണ്ടാം തവണയും വില വർധിപ്പിച്ച് രാജ്യത്തെ പ്രമുഖ ക്ഷീര സഹകരണ സ്ഥാപനമായ അമുലും മദർ ഡയറിയും. നവംബർ 12 മുതലാണ് പാക്കറ്റ് പാലിന്റെ വില ലിറ്ററിന് രണ്ട് മുതൽ നാല് രൂപ വരെ കുത്തനെ ഉയർത്തിയത്. അമുൽ ടോൺഡ് പാലിന് (Amul Taaza) ലിറ്ററിന് രണ്ട് രൂപയും ഫുൾ ക്രീം പാലിന് (Amul Gold) നാല് രൂപയുമാണ് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (GCMMF) വർധിപ്പിച്ചത്. ഇക്കഴിഞ്ഞ മെയ് 14-ന് ലിറ്ററിന് രണ്ട് രൂപ കൂട്ടിയതിന് പിന്നാലെയാണ് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി പുതിയ വിലവർധനവ് നടപ്പിലാക്കിയിരിക്കുന്നത്. അമുലിന് പിന്നാലെ മദർ ഡയറിയും ഡൽഹി-എൻ.സി.ആർ മേഖലയിൽ ടോൺഡ് പാലിന് 62 രൂപയായും ഫുൾ ക്രീം പാലിന് 76 രൂപയായും വില ഉയർത്തി. 2022-23 സാമ്പത്തിക വർഷത്തിന് ശേഷം ആദ്യമായാണ് ഒരു വർഷത്തിനുള്ളിൽ രണ്ട് തവണ പാൽ വില കൂടുന്നത്.
കാലാവസ്ഥാ വ്യതിയാനവും ആഗോള രാഷ്ട്രീയ പ്രതിസന്ധികളുമാണ് അപ്രതീക്ഷിതമായ ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. എൽ നിനോ പ്രതിഭാസവും ആഗോളതാപനവും കാരണം ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞത് പച്ചപ്പുല്ലിന്റെയും കാലിത്തീറ്റയുടെയും കടുത്ത ക്ഷാമത്തിന് ഇടയാക്കി. കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം കാലിത്തീറ്റയുടെ വിലയിൽ 15 മുതൽ 20 ശതമാനം വരെയാണ് വർധനവുണ്ടായത്. ഇതിനുപുറമെ, പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ ഇന്ധനവില വർധനവും പാക്കേജിംഗ്, ഗതാഗത ചെലവുകൾ 25 ശതമാനത്തോളം ഉയർന്നതും ഉൽപ്പാദനച്ചെലവ് കുത്തനെ കൂട്ടി. വ്യാജ പനീറിനെതിരെ (Analogue paneer) സർക്കാർ കർശന നടപടി തുടങ്ങിയതോടെ, യഥാർത്ഥ പാൽ വൻതോതിൽ പനീർ നിർമ്മാണത്തിലേക്ക് തിരിച്ചുവിടപ്പെട്ടതും വിപണിയിൽ പാൽ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.
സാധാരണയായി ശൈത്യകാലത്ത് പാൽ ഉൽപ്പാദനം കൂടുകയും വില കുറയുകയും ചെയ്യാറുണ്ടെങ്കിലും, ഇത്തവണ അത്തരമൊരു ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 36 ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർക്ക് മെച്ചപ്പെട്ട സംഭരണ വില നൽകുന്നതിനായാണ് ഉപഭോക്തൃ വില ഉയർത്തേണ്ടി വന്നതെന്നാണ് അമുലിന്റെ വിശദീകരണം. പാൽ വില കൂട്ടുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ നെയ്യ്, വെണ്ണ എന്നിവയുടെ വിലയും അമുൽ ഉയർത്തിയിരുന്നു. നവംബർ രണ്ട് മുതൽ 500 ഗ്രാം വെണ്ണയ്ക്ക് 15 രൂപ കൂടുകയും ഒരു ലിറ്റർ നെയ്യിന്റെ വില 680 രൂപയായി ഉയരുകയും ചെയ്തു. കർണാടകയിൽ നന്ദിനി പാലിന് ലിറ്ററിന് എട്ട് രൂപയും തൈരിന് 14 രൂപയുമാണ് അടുത്തിടെ വർധിപ്പിച്ചത്.
രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം 7.74 ശതമാനത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ, പാൽ വിലയിലുണ്ടായ ഈ വർധനവ് സാധാരണക്കാരുടെ കുടുംബബജറ്റിനെ സാരമായി ബാധിക്കും. ഇന്ത്യൻ കുടുംബങ്ങളുടെ ഭക്ഷണച്ചെലവിൽ ഏറ്റവും വലിയ വിഹിതം പാലിനാണ്. നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (NSSO) കണക്കുകൾ പ്രകാരം രാജ്യത്തെ അതിസമ്പന്നരായ 10 ശതമാനം കുടുംബങ്ങൾ ദരിദ്ര കുടുംബങ്ങളേക്കാൾ മൂന്ന് മുതൽ നാല് ഇരട്ടി വരെ അധികം പാൽ ഉപയോഗിക്കുന്നുണ്ട്. പ്രായപൂർത്തിയായ ഒരാൾക്ക് ദിവസം 300 ഗ്രാം പാലോ തൈരോ ആവശ്യമാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ നിർദ്ദേശിക്കുമ്പോൾ, നിലവിലെ വിലയിൽ ഇത് വാങ്ങാൻ രാജ്യത്തെ 70 ശതമാനം കുടുംബങ്ങൾക്കും തങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ പത്തിലൊന്ന് മുതൽ മൂന്നിലൊന്ന് വരെ ചെലവഴിക്കേണ്ടി വരും. പാൽ ഉൽപ്പന്നങ്ങളുടെ വില വർധിക്കുന്നത് ചായ, കാപ്പി, മധുരപലഹാരങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിനും വഴിവെക്കും. ഈ സാഹചര്യത്തിൽ പാവപ്പെട്ട കുടുംബങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ അങ്കണവാടികളിലൂടെയും സ്കൂൾ ഉച്ചഭക്ഷണ പദ്ധതികളിലൂടെയും പാൽ വിതരണം ഉറപ്പാക്കണമെന്നും, സഹകരണ ശൃംഖലകൾ വഴി പ്രത്യേക ‘മിൽക്ക് കൂപ്പണുകൾ’ നൽകണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.











