ജീവിതത്തിൽ ലഭിക്കുന്ന സൗകര്യങ്ങളുടെയും നേട്ടങ്ങളുടെയും യഥാർത്ഥ മൂല്യം തിരിച്ചറിയാൻ മകന് വേറിട്ടൊരു ജീവിതപാഠം പകർന്നുനൽകിയ പിതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇന്ത്യൻ റെയിൽവേയുടെ എ.സി ത്രീ ടയർ (3AC) കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് മകൻ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് പിതാവ് അപ്രതീക്ഷിതമായ ആ തീരുമാനമെടുത്തത്. സാധാരണക്കാർ യാത്ര ചെയ്യുന്ന ജനറൽ കമ്പാർട്ട്മെന്റിലെ യഥാർത്ഥ യാത്രാസാഹചര്യങ്ങൾ മകന് നേരിട്ട് കാണിച്ചുകൊടുക്കുകയായിരുന്നു പിതാവിന്റെ ലക്ഷ്യം.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പിതാവ് ഈ അനുഭവം വെളിപ്പെടുത്തിയത്. പതിവായി ഫസ്റ്റ് ക്ലാസിലോ സെക്കൻഡ് ക്ലാസിലോ മാത്രം യാത്ര ശീലമാക്കിയ മകന് ദീപാവലി തിരക്ക് കാരണം ഉയർന്ന ക്ലാസുകളിൽ ടിക്കറ്റ് ലഭിക്കാത്തതിനാലാണ് തേർഡ് എ.സിയിൽ യാത്ര ചെയ്യേണ്ടി വന്നത്. എന്നാൽ, തേർഡ് എ.സിയിലെ സാഹചര്യങ്ങൾ പോലും മകന് അസ്വസ്ഥതയുണ്ടാക്കി. ഇതോടെയാണ് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിവുള്ള മകന് ജീവിതത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് നൽകണമെന്ന ഉദ്ദേശത്തോടെ പിതാവ് അവനെ ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
ബെർത്തുകളിലും തറയിലും ട്രെയിനിന്റെ ഇടനാഴികളിലുമെല്ലാം യാത്രക്കാർ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ജനറൽ കമ്പാർട്ട്മെന്റിലൂടെ മകൻ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. തങ്ങൾ പതിവായി യാത്ര ചെയ്യുന്ന ഉയർന്ന ക്ലാസുകളിലെ ആഡംബര സൗകര്യങ്ങളും സാധാരണക്കാരന്റെ യാത്രാദുരിതവും തമ്മിലുള്ള അന്തരം അവന് നേരിട്ട് ബോധ്യപ്പെടുത്താനായെന്ന് പിതാവ് വീഡിയോയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.
വീഡിയോ നിമിഷനേരം കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ ഏറ്റെടുത്തത്. മകനെ വെറുതെ ശാസിക്കുന്നതിന് പകരം, യാഥാർത്ഥ്യം നേരിട്ട് ബോധ്യപ്പെടുത്തി ജീവിതമൂല്യങ്ങൾ പഠിപ്പിച്ച പിതാവിന്റെ രീതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. എന്നാൽ, ജനറൽ കോച്ചിലെ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചത് ശരിയായില്ലെന്ന തരത്തിൽ ചില വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എങ്കിലും, മക്കൾക്ക് സൗകര്യങ്ങളുടെ വില മനസ്സിലാക്കിക്കൊടുക്കാൻ ഓരോ രക്ഷിതാവും ഇത്തരത്തിൽ പ്രായോഗികമായ പാഠങ്ങൾ നൽകണമെന്ന അഭിപ്രായത്തിനാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്.










