റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ യാത്രയാക്കാൻ എത്തുമ്പോൾ ലഗേജുകൾ എടുത്തുവെച്ച് സഹായിക്കാനായി ട്രെയിനിൽ കയറുന്നത് പതിവാണ്. എന്നാൽ വന്ദേഭാരത് എക്സ്പ്രസിൽ ഇത്തരത്തിൽ ‘സഹായത്തിന്’ കയറിയാൽ എട്ടിന്റെ പണി കിട്ടുമെന്ന് തെളിയിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിൽ ഉണ്ടായത്. ബന്ധുവിനെ യാത്രയാക്കാൻ ട്രെയിനിൽ കയറിയ 12 പേർക്ക് 36,000 രൂപയാണ് റെയിൽവേ പിഴയിട്ടത്. ഉത്തർപ്രദേശിലെ കാൺപൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
രാവിലെ 9.26-ന് കാൺപൂർ സ്റ്റേഷനിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് കൃത്യം 9.30-ന് യാത്ര തിരിച്ചു. ഈ നാല് മിനിറ്റ് ഇടവേളയിൽ ബന്ധുവിന്റെ സാധനങ്ങൾ എടുത്തുവെക്കാനും യാത്രയാക്കാനുമായി 12 പേർ ഒന്നിച്ച് കോച്ചിനുള്ളിൽ കയറുകയായിരുന്നു. എന്നാൽ, സമയമായതോടെ ട്രെയിനിന്റെ ഓട്ടോമാറ്റിക് യന്ത്രവാതിലുകൾ താനെ അടഞ്ഞു. ഇതോടെ തിരിച്ചിറങ്ങാൻ കഴിയാതെ 12 പേരും ട്രെയിനിനുള്ളിൽ കുടുങ്ങിപ്പോയി.
ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കോച്ചിനുള്ളിൽ വലിയ ബഹളമുണ്ടാക്കുകയും ഉടൻ തന്നെ വാതിലുകൾ തുറന്ന് തങ്ങളെ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ട്രെയിൻ അപ്പോഴേക്കും വേഗത കൈവരിച്ചിരുന്നതിനാൽ വാതിലുകൾ തുറക്കാൻ സാധിക്കില്ലെന്ന് റെയിൽവേ ജീവനക്കാർ അറിയിച്ചു.
യാത്രക്കാരുടെ ബഹളം രൂക്ഷമായതോടെ, ഒടുവിൽ വന്ദേഭാരതിന് ഷെഡ്യൂൾഡ് സ്റ്റോപ്പ് ഇല്ലാത്ത ഇറ്റാവ (Etawah) സ്റ്റേഷനിൽ രാവിലെ 10.49-ഓടെ ട്രെയിൻ പ്രത്യേകം നിർത്തി 12 പേരെയും പുറത്തിറക്കി. ടിക്കറ്റില്ലാതെ വന്ദേഭാരതിൽ യാത്ര ചെയ്തതിനും അനധികൃതമായി പ്രവേശിച്ച് ട്രെയിൻ വൈകിപ്പിച്ചതിനും ഒരാൾക്ക് 3,000 രൂപ വീതം ആകെ 36,000 രൂപയാണ് റെയിൽവേ ഇവരിൽ നിന്ന് പിഴയായി ഈടാക്കിയത്. വന്ദേഭാരത് പോലുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകളിൽ ടിക്കറ്റില്ലാത്തവർ ഒരു കാരണവശാലും പ്രവേശിക്കരുതെന്നും ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞാൽ പിന്നീട് തുറക്കാൻ കഴിയില്ലെന്നും റെയിൽവേ അധികൃതർ യാത്രക്കാർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











