2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരഭ്രഷ്ടയായി ഇന്ത്യയിൽ അഭയം തേടിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ സ്വദേശത്തേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കി. പുതിയ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും (NIC) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹസീനയുടെ അഭിഭാഷകൻ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് വീണ്ടും കത്തയച്ചു. ‘അടിയന്തര പ്രാധാന്യമുള്ള വിഷയം’ (Matter of urgency) എന്ന് രേഖപ്പെടുത്തിയാണ് ലണ്ടൻ ആസ്ഥാനമായുള്ള മാട്രിക്സ് ചേംബേഴ്സിലെ ബ്രിട്ടീഷ് ബാരിസ്റ്റർ സ്റ്റീവൻ പൗൾസ് കെ.സി. (Steven Powles KC) ആക്ടിംഗ് ഹൈക്കമ്മീഷണർ പ്രീതി റഹ്മാന് വ്യാഴാഴ്ച (നവംബർ 19) കത്ത് കൈമാറിയത്.
നവംബർ 9-ന് നൽകിയ ആദ്യ അപേക്ഷയിൽ തുടർനടപടികൾ ആവശ്യപ്പെട്ടാണ് പുതിയ കത്ത് നൽകിയിരിക്കുന്നത്. ഹസീനയ്ക്ക് വേണ്ടി ഹാജരാകാൻ തനിക്ക് അധികാരമുണ്ടെന്നതിന്റെ തെളിവ് ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, നവംബർ 9-ന് ഷെയ്ഖ് ഹസീന നേരിട്ട് ഒപ്പിട്ടു നൽകിയ സമ്മതപത്രവും (Authorisation letter) അഭിഭാഷകൻ കത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. തനിക്ക് വേണ്ടി പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷിക്കാൻ സ്റ്റീവൻ പൗൾസിനെ ചുമതലപ്പെടുത്തുന്നതായി വ്യക്തമാക്കുന്നതാണ് ഹസീന ഒപ്പിട്ട രേഖ.
അതേസമയം, ഷെയ്ഖ് ഹസീനയുടെ നീക്കത്തെ ബംഗ്ലാദേശ് സർക്കാർ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ഒളിവിലുള്ള ഒരു കുറ്റവാളിക്ക് പാസ്‌പോർട്ട് നൽകാനാവില്ലെന്നും, ഇന്ത്യയുമായുള്ള കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഹസീനയെ വിട്ടുകിട്ടാനാണ് ധാക്ക ശ്രമിക്കുന്നതെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യക്തമാക്കിയിരുന്നു. 2024-ലെ പ്രക്ഷോഭകാരികൾക്ക് നേരെയുണ്ടായ വെടിവെപ്പിലും അടിച്ചമർത്തലിലും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ 2025 നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
വിധി വന്ന് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാത്തതിനാൽ ഹസീനയ്ക്ക് മുന്നിലുള്ള എല്ലാ നിയമവഴികളും അടഞ്ഞതായും, ബംഗ്ലാദേശിൽ കാലുകുത്തിയാൽ വധശിക്ഷ നടപ്പാക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് അമിനുൾ ഇസ്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അറസ്റ്റും വധശിക്ഷയും നേരിടേണ്ടി വന്നാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു. സ്വന്തം മണ്ണിൽ ജനങ്ങൾക്കിടയിൽ മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, രാജ്യത്തേക്ക് മടങ്ങാൻ മറ്റൊരു രാജ്യത്തിന്റെയും സഹായം തേടില്ലെന്നും അവർ അടുത്തിടെ പ്രതികരിച്ചിരുന്നു. ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് പിന്നാലെ ബംഗ്ലാദേശിൽ അവാമി ലീഗ് പ്രവർത്തകരും എതിരാളികളും തമ്മിലുള്ള സംഘർഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവും വീണ്ടും ശക്തമായിരിക്കുകയാണ്.







