ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി (IRCTC) വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ കൺഫേം തത്കാൽ ടിക്കറ്റ് ലഭിക്കുന്നത് പലപ്പോഴും ഏതാനും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ്. യാത്രക്കാരുടെ വിവരങ്ങൾ എത്ര വേഗത്തിൽ ടൈപ്പ് ചെയ്യുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് എപ്പോൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നു എന്നതും. തത്കാൽ ക്വാട്ട തുറക്കുന്നതിന് കൃത്യം രണ്ട് മിനിറ്റ് മുൻപാണ് ലോഗിൻ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമെന്നാണ് ട്രാവൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അതായത്, എസി (AC) ക്ലാസുകളിലേക്കുള്ള തത്കാൽ ബുക്കിംഗിനായി രാവിലെ 9:58-ഓടെയും, സ്ലീപ്പർ ഉൾപ്പെടെയുള്ള മറ്റ് നോൺ-എസി ക്ലാസുകൾക്കായി രാവിലെ 10:58-ഓടെയും സൈൻ ഇൻ ചെയ്യണം. 10 മണിക്കും 11 മണിക്കും ബുക്കിംഗ് തുടങ്ങുന്ന കൃത്യ സമയത്തുള്ള കനത്ത ലോഗിൻ തിരക്കിൽ പെടാതിരിക്കാനും, അതേസമയം സെഷൻ കാലഹരണപ്പെടുന്ന (Session Timeout) തരത്തിൽ അധികനേരം വെറുതെ ഇരിക്കാതിരിക്കാനും ഈ ‘രണ്ട് മിനിറ്റ് നിയമം’ വലിയ രീതിയിൽ സഹായിക്കും.
കൃത്യം 10 മണിവരെയോ 11 മണിവരെയോ കാത്തിരുന്ന ശേഷം ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ സെർവർ തിരക്ക് കാരണം പേജുകൾ ലോഡ് ആകാനും ക്യാപ്ച (Captcha) തെളിയാനും 30 മുതൽ 60 സെക്കൻഡ് വരെ നഷ്ടമായേക്കാം. തത്കാൽ ബുക്കിംഗിൽ ഈ ഒരു മിനിറ്റ് കൊണ്ട് തന്നെ മുഴുവൻ സീറ്റുകളും തീർന്നുപോകാൻ സാധ്യതയുണ്ട്. അതേസമയം, 10-ഓ 15-ഓ മിനിറ്റ് മുൻപ് ലോഗിൻ ചെയ്ത് കാത്തിരുന്നാലും പണി പാളും. ഏകദേശം 5 മിനിറ്റ് തുടർച്ചയായി അനക്കമില്ലാതിരുന്നാൽ ഐആർസിടിസി സെഷനുകൾ തനിയെ ലോഗൗട്ട് ആകുന്നതാണ് ഇതിന് കാരണം. ബുക്കിംഗ് തുടങ്ങുന്നതിന് തൊട്ടുമുൻപ് ലോഗൗട്ട് ആകുന്നത് സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കും.
ലോഗിൻ സമയത്തിനൊപ്പം മറ്റ് ചില മുന്നൊരുക്കങ്ങൾ കൂടി നടത്തിയാൽ തത്കാൽ ബുക്കിംഗ് കൂടുതൽ എളുപ്പമാക്കാം. യാത്രക്കാരുടെ പേര്, വയസ്സ്, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി ‘മാസ്റ്റർ ലിസ്റ്റിൽ’ (Master List) സേവ് ചെയ്തു വെക്കുന്നത് ടൈപ്പിംഗ് സമയം പൂർണ്ണമായും ലാഭിക്കാൻ സഹായിക്കും. കൂടാതെ, ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ ബന്ധിപ്പിച്ച അക്കൗണ്ടും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കുള്ള ഒടിപിയും (OTP) നിർണായകമായതിനാൽ ഫോൺ കയ്യിൽ തന്നെ കരുതണം.
പേയ്‌മെന്റ് ഘട്ടത്തിൽ സമയം നഷ്ടപ്പെടാതിരിക്കാൻ കാർഡ് വിവരങ്ങൾ ടൈപ്പ് ചെയ്യുന്നതിന് പകരം യുപിഐ (UPI), ഐആർസിടിസി ഇ-വാലറ്റ് (IRCTC eWallet) അല്ലെങ്കിൽ ഐമുദ്ര (iMudra) പോലുള്ള വേഗതയേറിയ പേയ്‌മെന്റ് മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതും കൺഫേം ടിക്കറ്റ് ഉറപ്പിക്കാൻ സഹായിക്കും.










