ന്യൂഡൽഹി: ഓഫീസ് കമ്പ്യൂട്ടറുകളിലും പൊതുഇടങ്ങളിലെ കമ്പ്യൂട്ടറുകളിലും ‘വാട്‌സ്ആപ്പ് വെബ്’ (WhatsApp Web) ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ വിഭാഗം. ഇത്തരം കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് ലോഗിൻ ചെയ്ത ശേഷം കൃത്യമായി ലോഗൗട്ട് ചെയ്യാതെ വിടുന്നത് വലിയ സൈബർ തട്ടിപ്പുകൾക്കും സ്വകാര്യതാ ലംഘനത്തിനും വഴിവെക്കുമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് പുറത്തിറക്കിയ പുതിയ ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
പൊതുവായതോ മറ്റുള്ളവർക്ക് കൂടി ഉപയോഗിക്കാൻ സാധിക്കുന്നതോ ആയ കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് സെഷൻ സജീവമായി കിടക്കുന്നത് സൈബർ കുറ്റവാളികൾക്ക് അക്കൗണ്ടിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ അവസരമൊരുക്കും. ഇതുവഴി ഉപയോക്താവിന്റെ സ്വകാര്യ ചാറ്റുകൾ, കോൺടാക്റ്റുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ എന്നിവ ചോർത്താൻ സാധിക്കും. മാത്രമല്ല, അക്കൗണ്ട് ഉടമയാണെന്ന വ്യാജേന സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സന്ദേശങ്ങൾ അയച്ച് പണം തട്ടാനും ഫിഷിംഗ് (Phishing) തട്ടിപ്പുകൾ നടത്താനും തട്ടിപ്പുകാർക്ക് എളുപ്പത്തിൽ സാധിക്കുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു.
ബ്രൗസർ വിൻഡോയോ ടാബോ വെറുതെ ക്ലോസ് ചെയ്തതുകൊണ്ട് മാത്രം വാട്‌സ്ആപ്പ് വെബ് സെഷൻ അവസാനിക്കില്ല എന്നതാണ് പലരും വരുത്തുന്ന പ്രധാന പിഴവ്. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും നിർബന്ധമായും മാനുവലായി ‘ലോഗൗട്ട്’ (Log out) ചെയ്യേണ്ടതുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കോ ഔദ്യോഗിക രേഖകൾ, സാമ്പത്തിക വിവരങ്ങൾ, രഹസ്യ സ്വഭാവമുള്ള മറ്റ് കാര്യങ്ങൾ എന്നിവ കൈമാറാനോ കമ്പ്യൂട്ടറുകളിലെ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
പൊതു കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടത് അനിവാര്യമായി വന്നാൽ ബ്രൗസറിലെ ‘ഇൻകോഗ്നിറ്റോ’ (Incognito) അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിംഗ് മോഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൈബർ കഫേകൾ, ഹോട്ടൽ ബിസിനസ് സെന്ററുകൾ, മറ്റുള്ളവരിൽ നിന്ന് കടം വാങ്ങുന്ന ലാപ്‌ടോപ്പുകൾ എന്നിവയിൽ ഒരു കാരണവശാലും വാട്‌സ്ആപ്പ് ലോഗിൻ ചെയ്യരുത്.
കൂടാതെ, സ്വന്തം അക്കൗണ്ടിൽ നിന്ന് താൻ അറിയാതെ സന്ദേശങ്ങൾ പോകുന്നുണ്ടോ എന്നും കോൺടാക്റ്റുകളിൽ നിന്ന് അസ്വാഭാവികമായ മറുപടികൾ ലഭിക്കുന്നുണ്ടോ എന്നും ഉപയോക്താക്കൾ ഇടയ്ക്കിടെ നിരീക്ഷിക്കണം. മൊബൈൽ ഫോണിലെ വാട്‌സ്ആപ്പ് സെറ്റിംഗ്സിലെ ‘ലിങ്ക്ഡ് ഡിവൈസസ്’ (Linked Devices) പരിശോധിച്ചാൽ മറ്റേതെങ്കിലും കമ്പ്യൂട്ടറിൽ അക്കൗണ്ട് ലോഗിൻ ആയി കിടപ്പുണ്ടോ എന്ന് അറിയാനും അവിടെ നിന്ന് തന്നെ ലോഗൗട്ട് ചെയ്യാനും സാധിക്കും. കമ്പ്യൂട്ടറുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും ബ്രൗസറുകളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും, സംശയാസ്പദമായ ഫയലുകളും ക്രാക്ക്ഡ് സോഫ്റ്റ്‌വെയറുകളും ഡൗൺലോഡ് ചെയ്യരുതെന്നും സൈബർ സുരക്ഷാ വിഭാഗം ഓർമ്മിപ്പിക്കുന്നു.












