എട്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ പ്രഥമ ഇന്ത്യാ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായ്ക്ക് (ബാലെൻ ഷാ) വമ്പൻ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിലാണ് നേപ്പാളിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനുമായി 15,000 കോടി ഇന്ത്യൻ രൂപയുടെ (24,000 കോടി നേപ്പാളി രൂപ) സഹായ പാക്കേജ് മോദി പ്രഖ്യാപിച്ചത്. ഇതിന് പുറമെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന എട്ട് സുപ്രധാന കരാറുകളിലും ഒപ്പുവെച്ചു.
കഴിഞ്ഞ മാർച്ച് 27-ന് നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ബാലെൻ ഷാ നടത്തുന്ന ആദ്യ വിദേശ ഉഭയകക്ഷി സന്ദർശനമാണിത്. സാധാരണയായി നേപ്പാൾ പ്രധാനമന്ത്രിമാർ അധികാരമേറ്റാലുടൻ ആദ്യം ഇന്ത്യ സന്ദർശിക്കാറാണ് പതിവെങ്കിലും, എട്ട് മാസത്തിന് ശേഷമാണ് ബാലെൻ ഷാ ഡൽഹിയിലെത്തിയത് എന്നത് നയതന്ത്ര ലോകത്ത് വലിയ ചർച്ചയായിരുന്നു. ആഗസ്റ്റ് 26-നുണ്ടായ ഭോടെകോശി പ്രളയക്കെടുതികൾ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഏകദേശം 2 ബില്യൺ ഡോളറിന്റെ സഹായമായിരുന്നു നേപ്പാൾ പ്രതീക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് 15,000 കോടി രൂപയുടെ വമ്പൻ പ്രഖ്യാപനമുണ്ടായത്.
സന്ദർശനത്തിന്റെ ഭാഗമായി അയോധ്യയെയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന ‘സരയൂ-കമല എക്സ്പ്രസ്’ (Saryu-Kamala Express) ട്രെയിൻ സർവീസ് ഇരുപ്രധാനമന്ത്രിമാരും ചേർന്ന് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തു. നേപ്പാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (IIT) ഓഫ്‌ഷോർ ക്യാമ്പസ് സ്ഥാപിക്കുമെന്നും, നിയമം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നേപ്പാളി വിദ്യാർത്ഥികൾക്ക് ഇന്ത്യ നൽകുന്ന സ്കോളർഷിപ്പുകൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ദുരന്തനിവാരണ വേളകളിൽ എപ്പോഴും ആദ്യം ഓടിയെത്തുന്ന ‘വിശ്വസ്തനായ അയൽക്കാരനാണ്’ ഇന്ത്യയെന്ന് ബാലെൻ ഷാ ചർച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ഞായറാഴ്ച ഉച്ചയോടെ ഡൽഹിയിലെത്തിയ ബാലെൻ ഷായെ കേന്ദ്രമന്ത്രി ജിതിൻ പ്രസാദയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം ഞായറാഴ്ച വൈകിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നൽകിയ ഔദ്യോഗിക സ്വീകരണത്തിലും ഗാർഡ് ഓഫ് ഓണറിലും പങ്കെടുത്ത ശേഷമാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെ, വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ, പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് കുമാർ ബ്യാഞ്ജങ്കർ എന്നിവരടങ്ങുന്ന 34 അംഗ ഉന്നതതല സംഘമാണ് ഷായ്ക്കൊപ്പമുള്ളത്.
അതേസമയം, നേപ്പാൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന അധിക വ്യോമപാതകൾ (ഭൈരഹവ, നേപ്പാൾഗഞ്ച്, മഹേന്ദ്രനഗർ, ജനക്പൂർ വഴിയുള്ള എൻട്രി പോയിന്റുകൾ), ബാഗ്ദോഗ്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾക്ക് നേപ്പാൾ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള അനുമതി, 669 മെഗാവാട്ട് ലോവർ അരുൺ ജലവൈദ്യുത പദ്ധതി, ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി 1,650 മെഗാവാട്ടായി ഉയർത്തൽ തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിച്ചു. എങ്കിലും അതിർത്തി തർക്കങ്ങൾ, ഇന്ത്യൻ സൈന്യത്തിലേക്കുള്ള ഗൂർഖാ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കൽ, മഹാകാളി നദിയിലെ പഞ്ചേശ്വർ പദ്ധതി എന്നിവയിൽ ഉടനടി തീരുമാനങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച ശേഷം ബാലെൻ ഷാ തിങ്കളാഴ്ച വൈകിട്ടോടെ കാഠ്മണ്ഡുവിലേക്ക് മടങ്ങും.












