ഏഷ്യൻ ഭൂഖണ്ഡത്തിലെ നിർണ്ണായക ശക്തിയായി ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ഓസ്‌ട്രേലിയൻ തിങ്ക് ടാങ്കായ ലോവി ഇൻസ്റ്റിറ്റ്യൂട്ട് (Lowy Institute) പുറത്തുവിട്ട 2026-ലെ ‘ഏഷ്യ പവർ ഇൻഡക്സ്’ (Asia Power Index) റിപ്പോർട്ട് പ്രകാരം ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യ മാറി. മൊത്തത്തിലുള്ള പവർ ഇൻഡക്സ് പട്ടികയിൽ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
40.5 പോയിന്റുകൾ നേടിയാണ് ഇന്ത്യ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. നാലാം സ്ഥാനത്തുള്ള ജപ്പാന്റെ സ്കോർ 38.6 ആണ്. സാമ്പത്തിക ശേഷിയിൽ നേരിയ കുറവുണ്ടായെങ്കിലും സാംസ്കാരിക സ്വാധീനം, പ്രതിരോധ ശൃംഖലകൾ, ഭാവി വിഭവങ്ങൾ എന്നീ മേഖലകളിലെ മികച്ച മുന്നേറ്റമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 78.9 പോയിന്റുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 73.6 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം 5.3 പോയിന്റായി കുറഞ്ഞിട്ടുണ്ട്.
സാംസ്കാരിക സ്വാധീനത്തിലും (Cultural Influence) പ്രതിരോധ ശൃംഖലകളിലും (Defence Networks) ഇന്ത്യ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. സാംസ്കാരിക സ്വാധീനത്തിൽ 2.3 പോയിന്റ് വർധിപ്പിച്ച് 43.8 സ്കോറോടെ ഇന്ത്യ നാലാം സ്ഥാനത്തെത്തി. അമേരിക്കയെ ഒഴിവാക്കിയാൽ ഏഷ്യൻ രാജ്യങ്ങളിൽ ചൈനയ്ക്കും ജപ്പാനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കാനും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധ ശൃംഖലയിൽ 2.1 പോയിന്റ് വർധിപ്പിച്ച് 18.6 സ്കോറുമായി ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒൻപതാം സ്ഥാനത്തെത്തി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം വർധിച്ചതും ബ്രഹ്മോസ് (BrahMos) മിസൈൽ കയറ്റുമതിയുമാണ് ഈ നേട്ടത്തിന് പിന്നിൽ. എങ്കിലും സൈനിക ശക്തിക്ക് ആനുപാതികമായി പ്രതിരോധ സഖ്യങ്ങൾ വിപുലീകരിക്കുന്നതിൽ ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ഭാവി വിഭവങ്ങളുടെ (Future Resources) കാര്യത്തിൽ 56.2 പോയിന്റുമായി അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ 1.2 പോയിന്റിന്റെ വർധനവാണിത്. വരും ദശകങ്ങളിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ, പ്രതിരോധ വിഭവങ്ങൾ, തൊഴിലെടുക്കാൻ പ്രാപ്തരായ യുവജനങ്ങളുടെ എണ്ണം എന്നിവയാണ് ഇന്ത്യയുടെ പ്രധാന കരുത്തായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ കൈവശമുള്ള വൻതോതിലുള്ള വിഭവശേഷിയെ പൂർണ്ണമായും പ്രായോഗിക സ്വാധീനമാക്കി മാറ്റുന്നതിൽ ഇനിയും മുന്നേറാനുണ്ടെന്നും സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും ലോവി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് വ്യക്തമാക്കുന്നു.








