തിരുവനന്തപുരം: ഒരു മണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ പെരുമഴയിൽ തലസ്ഥാനനഗരം വെള്ളത്തിൽ മുങ്ങി. കിഴക്കേക്കോട്ടയിൽ മാത്രം ഒരു മണിക്കൂറിൽ 91 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തുലാവർഷ സമയത്ത് സാധാരണയായി കണ്ടുവരുന്ന തീവ്രമായ പ്രാദേശിക മഴയാണിതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുള്ള സമയത്താണ് നഗരത്തിൽ ശക്തമായ മഴ പെയ്തത്. ഇതോടെ തമ്പാനൂരിൽ വെള്ളം ഒഴുകിപ്പോകാതെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും മുന്നിലെ റോഡുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതോടെ നൂറുകണക്കിന് യാത്രക്കാരും നാട്ടുകാരും ദുരിതത്തിലായി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളും ഇരുചക്രവാഹനങ്ങളും വെള്ളത്തിനടിയിലായി. ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡുകളിലേക്ക് ഒഴുകിയെത്തിയതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി.
തമ്പാനൂർ ഭാഗത്തേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിട്ടു. പലർക്കും മുട്ടോളം ഉയരത്തിൽ നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കുമെല്ലാം എത്തേണ്ടി വന്നത്. പ്രദേശത്തെ നിരവധി കടകളിലും കോച്ചിങ് സെന്ററുകളിലും ഓഫീസുകളിലും വെള്ളം കയറി. എസ്.എസ്. കോവിൽ റോഡിലെ ആയുർവേദ മെഡിക്കൽ സ്റ്റോറിലും ഡ്രെയിനേജ് വെള്ളം ഇരച്ചുകയറിയതോടെ ജീവനക്കാർക്കും ഡോക്ടർമാർക്കും പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി. ഓടകൾ വൃത്തിയാക്കുകയും റെയിൽവേയുടെ ഭാഗത്തുനിന്ന് മാലിന്യനീക്കം നടത്തുകയും ചെയ്തിട്ടും ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയിൽ നഗരം വീണ്ടും മുങ്ങിയത് ജനരോഷത്തിനും കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് വ്യാഴാഴ്ച ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ (നവംബർ 27) കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുലാവർഷത്തിൽ ഇതുവരെ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ലഭിച്ചിരുന്നതെങ്കിലും, നിലവിലെ കാലാവസ്ഥാ മാറ്റത്തോടെ മഴ സജീവമാകുന്ന സാഹചര്യത്തിലാണ് അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ ശക്തമാക്കിയത്.












