കൊച്ചി: മാതാ അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത് ഭീകരവാദസംഘടനകളില്‍ നിന്നുള്ള വധഭീഷണിയെത്തുടര്ന്നെന്ന് റിപ്പോര്‍ട്ട്. യോഗാഗുരു ബാബാരാംദേവിന് ശേഷം രാജ്യത്ത് ആക്രമിക്കപ്പെടാനിടയുള്ള ഹിന്ദു ആദ്ധ്യാത്മികാചാര്യന്മാരുടെ പട്ടികയില്‍ അമൃതാനന്ദമയി രണ്ടാം സ്ഥാനത്താണുള്ളത്.
അതേസമയം കര്‍ശന സുരക്ഷയൊരുക്കണമെന്ന് കാട്ടി സംസ്ഥാന സര്‍ക്കാരിന് ഐബി മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മധുരയില്‍ പിടിയിലായ ബേസ് മൂവ്മെന്റ് നേതാക്കളില്‍ നിന്നുമാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളില്‍ ബോംബ് സ്ഫോടനം നടത്തിയ ഇവര്‍ മാതാ അമൃതാനന്ദമയി ഉള്‍പ്പെടെയുള്ള ഹിന്ദു ആദ്ധ്യാത്മിക നേതാക്കളെ ലക്ഷ്യം വച്ചതായി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് അമൃതാനന്ദമയിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന മുന്നറിയിപ്പ് ഐബി സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്തു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഐഎസ് സ്വാധീനവും സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് നേരിട്ടിടപെടാന്‍ കേന്ദ്രം തീരുമാനിച്ചത്. നേരത്തെ വള്ളിക്കാവില്‍ പ്രഭാഷണത്തിനിടെ അമൃതാനന്ദമയിക്ക് നേരെ വധശ്രമം നടന്നിരുന്നു. ആശ്രമവാസികളുടെ സമയോചിതമായ ഇടപെടലായിരുന്നു അന്ന് അത്യാഹിതം ഒഴിവാക്കിയത്.
അതേസമയം കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ കാര്യത്തിലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി ഐബി സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് സമാനമായി കേരളത്തിലും കൊലപാതകങ്ങള്‍ക്ക് ഭീകരസംഘടനകള്‍ പദ്ധതിയിട്ടതായാണ് മുന്നറിയിപ്പ്.
Discussion about this post