കോട്ടയം: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് ജീവിച്ചതും മരിച്ചതും ഹിന്ദുവായിത്തന്നെയെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. അദ്ദേഹത്തിന്റെ ഭാര്യയും മതംമാറി ഹിന്ദുവായാണ് ജീവിച്ചത്. ഡല്‍ഹിയില്‍ കെ.ആര്. നാരായണന്റെ ചിതാഭസ്മം വച്ച് കല്ലറ ഉണ്ടാക്കിയെന്ന വാര്‍ത്ത അമ്പരപ്പിച്ചെന്നും ഉഴവൂര്‍ കോച്ചേരി തറവാട്ടുവീട്ടില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ പിതൃസഹോദരന്റെ മകള്‍ സീതാലക്ഷ്മി ഒരു സ്വകാര്യമാധ്യമത്തോട് പറഞ്ഞു. ഇതെങ്ങനെ അവര്‍ക്ക് ചെയ്യാന്‍ കഴിയും. അദ്ദേഹത്തിന്റെ ബന്ധുക്കളൊക്കെ ഇവിടെ ജീവിച്ചിരിപ്പില്ലേ? അമര്‍ഷവും ഒപ്പം വേദനയും നിറഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു.
കെ.ആര്. നാരായണന്റെ ഭൗതികദേഹം യമുനാതീരത്ത് ഹിന്ദുമതാചാരപ്രകാരമാണ് ദഹിപ്പിച്ചത്. ചിതാഭസ്മം ഗംഗയ്ക്ക് പുറമേ ഭാരതപ്പുഴയിലും, തിരുനെല്ലിയിലും നിമജ്ജനം ചെയ്തു. യമുനാനദിക്കരയിലെ സംസ്കാരത്തിന് ശേഷം ചിതാഭസ്മം ഉഴവൂരില്‍ എത്തിച്ചാണ് കോച്ചേരി വീട്ടുമുറ്റത്തിന് താഴെ സ്മൃതിമണ്ഡപം നിര്‍മ്മിച്ചത്. മകള്‍ അമൃതയാണ് ചിതാഭസ്മവുമായി എത്തിയത്. കെ.ആര്. നാരായണന്റെ പത്നി വിദേശിയായ മാ ടിന്റ് ടിന്റ് ഹിന്ദുമതം സ്വീകരിച്ച് ഉഷാ നാരായണന് എന്ന പേരിലാണ് കഴിഞ്ഞിരുന്നതെന്ന് സീതാലക്ഷ്മി പറഞ്ഞു.
രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്ന അദ്ദേഹത്തെ ക്രിസ്ത്യാനിയായി ചിത്രീകരിക്കാന്‍ കല്ലറ തയാറാക്കിയത് ദുരൂഹമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്ന് റിട്ട. അദ്ധ്യാപിക കൂടിയായ സീതാലക്ഷ്മിയും ഭര്‍ത്താവ് വാസുക്കുട്ടനും പറഞ്ഞു. കെ.ആര്. നാരായണന്റെ ഇഷ്ടപ്രകാരമാണ് കല്ലറ പണിതതെന്ന വാദം അസംബന്ധമാണ്. അദ്ദേഹത്തിന് കല്ലറയുടെ ആവശ്യമില്ല. കല്ലറയ്ക്കു പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുകയാണ്.
വീട്ടുവളപ്പിലെ രണ്ട് സെന്റുവരുന്ന കോച്ചേരി കുടുംബ ശ്മശാനത്തില്‍ അന്ത്യവിശ്രമം വേണമെന്ന ആഗ്രഹം ‘കുഞ്ഞേട്ട’നെന്ന കെ.ആര്. നാരായണന് പലപ്പോഴും പറഞ്ഞിരുന്നതായും സീതാലക്ഷ്മി പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
അതേസമയം കെ. ആര്. നാരായണന്റെ പേരില്‍ ക്രൈസ്തവ ശ്മശാനത്തില്‍ കല്ലറ പണിതത് സംബന്ധിച്ച് അറിവില്ലെന്ന് സഹോദരി കെ.ആര്. ഭാര്‍ഗ്ഗവി പറഞ്ഞു. ഹൈന്ദവ ആചാരപ്രകാരം ഔദ്യോഗിക ബഹുമതികളോടെ ശാന്തിവനിനോട് ചേര്‍ന്നാണ് അദ്ദേഹത്തെ സംസ്കരിച്ചത്. കല്ലറ പണിയുന്നതായി ആരും അറിയിച്ചിട്ടില്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി.
കെ.ആര്. നാരായണന്റെ ജീവിച്ചിരിക്കുന്ന ഏക സഹോദരിയാണ് ഭാര്‍ഗ്ഗവി. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കല്ലറ പണിതതെന്നാണ് ഡല്‍ഹി സിമട്രീസ് കമ്മറ്റിയുടെ അവകാശവാദം.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ കെ ആര് നാരായണന്റെയും ഭാര്യ ഉഷാ നാരായണന്റെയും പേരില്‍ കല്ലറ കണ്ടെത്തിയത്.
Discussion about this post