തൃശൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി. 2441 കോടി രൂപയാണ് കുടിശ്ശികയായ് കിടക്കുന്നത്. ഇത് പിരിച്ചടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും താരിഫ് ക്രമപ്പെടുത്തണമെന്നും ഉള്ള ആവശ്യം പരോക്ഷമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ് വൈദ്യുതി വകുപ്പ്. പെന്ഷന് മുടങ്ങിയേക്കുമെന്ന ആശങ്കയറിയിച്ച് ചെയര്മാന് സംഘടനകള്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.
2017 ഡിസംബര്‍ വരെയുള്ള കണക്കെടുത്തതില്‍ 2441.22 കോടിയാണ് വിവിധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ളത്. സര്‍ക്കാര്‍ വകുപ്പുകള്‍- 109.09 കോടി, പൊതുമേഖല സ്ഥാപനങ്ങള്‍- 1424.91 കോടി, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍- 550.28 കോടി രൂപ എന്നിങ്ങനെയാണ് കുടിശ്ശിക കണക്ക്. വാട്ടര്‍ അതോറിറ്റിയുടെ മാത്രം കുടിശ്ശിക1219.33 കോടി രൂപയുണ്ട്. കുടിശ്ശിക പിരിക്കുന്നതിലൂടെ മാത്രം സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ കഴിയില്ലെന്നാണ് ബോര്‍ഡ് വാദിക്കുന്നത്. അത്കൊണ്ട് കുടിശ്ശിക പിരിച്ചെടുക്കുന്നതിനൊപ്പം വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കുന്നതിന് താരിഫ് ക്രമപ്പെടുത്തുകയും സാമ്പത്തിക കാര്യക്ഷമത കൈവരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്താലേ പ്രതിസന്ധി മറികടക്കാനാവൂ എന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ യൂനിറ്റിനു 10 മുതല്‍ 50 വരെ പൈസവരേയും ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങളുടെ നിരക്കില്‍ 30 പൈസ വരെയും വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഓരോ വര്‍ഷവും നിരക്ക് നിശ്ചയിക്കുന്ന രീതിയാണ്. ഓരോ വര്‍ഷവും നാല് ശതമാനം വര്‍ധന കമീഷന് അനുവദിച്ചിട്ടുണ്ട്. ഇന്ധന സര്‍ചാര്‍ജ് ആയി യൂനിറ്റിന് 14 പൈസ വര്‍ധിപ്പിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടതിന് പുറമെ യൂനിറ്റിന് നാല് പൈസ കൂടി കൂട്ടണമെന്ന് കഴിഞ്ഞ ഡിസംബറില്‍ കമീഷനോടു ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിരക്ക് വര്‍ധന സംബന്ധിച്ച് കരട് ചട്ടങ്ങളില്‍ നാല് വര്‍ഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കുമെന്ന് കമീഷന് വ്യക്തമാക്കിയിട്ടുണ്ട്.മറ്റ് പല സംസ്ഥാനങ്ങളിലും ഇത്പ്രാബല്യത്തിലുണ്ട്. ഇതിന്റെ അവസാന നടപടികളിലാണ് കമീഷന്.
Discussion about this post