കൊച്ചി: ക്ഷേത്രത്തിനുള്ളില്‍ പുരുഷന്മാര് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കരുതെന്ന് പറയുന്നത് ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണെന്ന ചോദ്യവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പുരുഷന്മാര് ഷര്‍ട്ടിട്ട് കയറരുതെന്ന ആചാരത്തിന് പ്രസക്തി ഇല്ലെന്നും ഇനി മുതല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പുരുഷന്മാര്ക്ക് ഷര്‍ട്ട് ഊരാതെ പ്രവേശിക്കാമെന്നും വെള്ളാപ്പള്ളി.
അനാചാരങ്ങളും ‘അന്ധവിശ്വാസങ്ങളും നിലനിര്‍ത്തി ഒരു വിഭാഗം തന്ത്രിമാരും പൂജാരിമാരും ഭക്തരെ ചൂഷണം ചെയ്യുകയാണ്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് മാറ്റിനിര്‍ത്തണം. സവര്‍ണ മേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളായ അനാചാരങ്ങള്‍ ഇപ്പോഴും കൊണ്ടുനടന്ന് ജനങ്ങളെയും വിശ്വാസികളെയും പിഴിയുകയാണ്. ഇവയെ ചെറുക്കുകയും ഇല്ലാതാക്കുകയും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തില്‍ അല്ലാതെ മറ്റെവിടെയാണ് ഇത്തരം സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നത് താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര് ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ഊരാതെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ് ഷര്‍ട്ടൂരണമെന്ന ആചാരം തിരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വെള്ളാപ്പള്ളി നടേശന് നടത്തിയത്. ഷര്‍ട്ട്, ബനിയന് തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് വെള്ളാപ്പള്ളി എടുത്തുമാറ്റി. ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.
Discussion about this post