മുംബൈ: ഭീമ-കൊറെഗാവ് കേസില്‍ അറസ്റ്റിലായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീംകോടതി സെപ്തംബര്‍ 17 വരെ നീട്ടി.പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ തീരുമാനം.
യു.എ.പി.എ നിയമം ചുമത്തി ജൂണ്‍ ആറിന് ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ എന്നിവരെയാണ് വീട്ടിതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഹരജി പരിഗണിച്ച കോടതി വീട്ടുതടങ്കല്‍ നീട്ടി ഉത്തരവിടുകയായിരുന്നു.
അറസ്റ്റിലായവര്‍ നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) സജീവ അംഗങ്ങളും രാജ്യത്ത് സായുധ ആക്രമണത്തിന് പദ്ധതിയിടുന്നവരുമാണെന്നും കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര പൊലീസ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസെടുത്ത് നടത്തിയ റെയ്ഡിന്റെയും മറ്റുള്ളവരുടെ അറസ്റ്റില്‍നിന്നും ലഭിച്ച ശക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പുണെ പൊലീസ് അസി. കമീഷണര്‍ ഡോ. ശിവജി പണ്ഡിറ്റ്റാവു പവാര്‍ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ശ്രമം നടത്തിയതായും, മാവോയിസ്റ്റ് തീവ്രാവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിലും ആഗസ്റ്റ് 20നാണ് വരവര റാവു അടക്കം അഞ്ച് ഇടതുപക്ഷ-മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post