ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഡിജെഎസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി. തീവ്രവാദക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയുടെ ജയില്‍ മോചനത്തിന് വേണ്ടി പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്തി ഏകകണ്ഠമായി പ്രമേയം പാസാക്കിയവരാണ് മദനിയേക്കാള് പ്രധാനമാണ് ശബരിമല, പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടു. വനിതാ മതിലിന്റെ മറവില്‍ യുവതികളെ മലകയറ്റാന്‍ പരിശീലനം നല്‍കിയെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.
ശബരിമലയിലെ ആചാരലംഘനത്തിനെ തുടര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ശബരിമല വിഷയത്തില്‍ ബിഡിജെ.എസ് എക്കാലവും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .
ശ്രീനാരായണഗുരുദേവനെ കഴുത്തില്‍ കുരുക്കിട്ട് റോഡിലൂടെ വലിച്ചു കൊണ്ട് പോയവര്‍ തന്നെയാണ് ഇന്നിപ്പോള്‍ ഗുരുദേവനെ മുന്നില്‍ നിറുത്തി നവോത്ഥാനമതില്‍ പണിതത്. ഇതൊരു പ്രായിശ്ചിത്തമായി കണക്കാക്കുന്നു . രാജ്യത്തെ കോടികണക്കിന് വിശ്വാസികളെ ബാധിക്കുന്ന ശബരിമല വിഷയത്തെ അപക്വമായി കൈകാര്യം ചെയ്തുകൊണ്ട് സങ്കീര്‍ണ്ണവും സംഘര്‍ഷഭരിതവുമാക്കിയ സര്‍ക്കാര്‍ വമ്പന്‍ പരാജയമാണെന്ന് തെളിയിച്ചു കഴിഞ്ഞു. മതില് പണിയുന്നതിന്റെ മറവില്‍ ആക്റ്റിവിസ്റ്റായ രണ്ടു യുവതികളെ ഒളിവില്‍ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നല്‍കിയത് അപഹാസ്യമായി പോയെന്നും തുഷാര്‍ പറഞ്ഞു .
ഇടത് സംഘടനകളെയും മതതീവ്രവാദികളെയും പ്രതിഷേധക്കാരെ നേരിടാന്‍ നിരത്തിലിറക്കി സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ് . തീര്‍ത്തും സര്‍ക്കാര്‍ സ്പോണ്സേര്ഡ സംഘര്‍ഷമാണ് ഇവിടെ നടന്നത് . ഇത്തരമൊരു നീക്കം കേരളത്തിലെ സാമുദായിക സൗഹൃദത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ് . പിറവം കോതമംഗലം പള്ളികളെ സംബന്ധിച്ച സുപ്രീംക്കോടതി വിധി നടപ്പാക്കാന്‍ കാണിക്കാത്ത ശൌര്യമാണ് ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് . ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് സര്‍ക്കാരും ഇടതു മുന്നണിയും അവസാനിപ്പിക്കണം . കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ് ശബരിമല തന്ത്രിയെ ആക്ഷേപിച്ച് ഓടിക്കാന്‍ നോക്കുന്നതെന്നും തുഷാര്‍ ആരോപിച്ചു .
Discussion about this post