ക്രിമിനല്‍ കേസ് വിവരങ്ങള്‍ സ്ഥാനാര്‍ഥികള്‍ പത്രങ്ങളിലും ടി.വികളിലും പരസ്യം ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം അംഗീകരിച്ച് പത്രപ്പരസ്യം നല്കി ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എന്‍ രാധാകൃഷ്ണന്. അഞ്ച് പേജുകളിലായി 223 കേസുകളുടെ വിശദാംശങ്ങളാണ് എ.എന്‍ രാധാകൃഷ്ണന് പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്തുടനീളം നിരവധി കോടതികളിലാണ് കേസുകള്‍ ഉള്ളത്. കലാപം, പൊതുവഴി തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, നരഹത്യാ ശ്രമം, അതിക്രമിച്ച് കടക്കല്‍, മാരകായുധം ഉപയോഗിച്ച് ദേഹോപദ്രവം ഏല്പിക്കല്, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭരണഭയം ജനിപ്പിക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് പോലിസ് രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കരുനാഗപ്പള്ളി, ചവറ, പരവൂര്‍, ശാസ്താംകോട്ട, പുനലൂര്‍, അടൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, റാന്നി, ആലപ്പുഴ, അമ്പലപ്പുഴ , രാമന്‍കരി, ചേര്‍ത്തല, മാവേലിക്കര, ചെങ്ങന്നൂര്‍, ഹരിപ്പാട്, കായംകുളം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, അടിമാലി, തൊടുപുഴ, റാന്നി, നെടുംകണ്ടം, പീരുമേട്, ദേവികുളം, അങ്കമാലി, നോര്‍ത്ത് പറവൂര്‍, പഴയന്നൂര്‍, കുന്നംകുളം, മഞ്ചേരി, കാസര്‍ഗോഡ് എന്നി സ്റ്റേഷനുകളിലാണ് കേസ് . എല്ലാ കേസുകളിലും പത്താംപ്രതിയാണ് എ.എന്‍ രാധാകൃഷ്ണന്.
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഈ കേസുകള്‍ എല്ലാം. നിലവിലുള്ള എല്ലാ വകുപ്പുകളും ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗവും, കൊലപാതകവും ഒഴിവാക്കിയതിന് പിണറായി സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജനകീയ സമരങ്ങളുടെ പേരില്‍ ഇത്തരം വകുപ്പുകള്‍ ചുമത്തുന്ന മര്‍ദ്ദക ഭരണത്തെ ജനങ്ങള്‍ തൂത്തെറിയുമെന്ന് നേതാക്കള്‍ പറഞ്ഞു. പൊതുസ്ഥലത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ചായിരുന്നു പ്രക്ഷോഭങ്ങള്‍. എന്നിട്ടും നരഹത്യാ ശ്രമം സ്ത്രീത്വത്തെ അപമാനിക്കല്‍ , മാരകായുധം ഉപയോഗിച്ച് പരിക്കേല്പിക്കല് ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഭരണകൂട ഭീകരത വിശ്വാസികള്‍ക്ക് മേല്‍ അടിച്ചേല്പിച്ചതിന് കനത്ത് തിരിച്ചടി ലഭിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ ഇത്തരത്തില്‍ മൂന്നുപത്രങ്ങളിലും ചാനലുകളിലും മൂന്നുതവണ പരസ്യം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശം നല്‍കിയിരുന്നു. പ്രചാരമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കുന്നതിന് ബിജെപി നേതാക്കള്‍ക്ക് ലക്ഷങ്ങളാണ് ചിലവഴിക്കേണ്ടി വരുന്നത്. ഈ തുക തെരഞ്ഞെടുപ്പ് ചിലവില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വച്ചിട്ടുണ്ട്. വിശ്വാസികളെ വേട്ടയാടുന്നതിന് വേണ്ടി സര്‍ക്കാര്‍ കള്ളക്കേസുകള്‍ ചുമത്തുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന്, പത്തനതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്, ആറ്റിങ്ങള്‍ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് തുടങ്ങി ബിജെപി നേതാക്കള്‍ക്കെതിരെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ എടുത്തിരുന്നു. ഇവരും വിവിധ മാധ്യമങ്ങളില്‍ പരസ്യം നല്കി.
കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പ്രകാശ് ബാബുവിനെ ശബരിമലയിലെ ആചാരലംഘനത്തിനെതിരായ സമരങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. ജയിലില്‍ കിടന്ന് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച അഡ്വ.പ്രകാശ് ബാബു പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.
Discussion about this post