ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തലാക്കിയത് പാകിസ്ഥാന് കനത്ത തിരിച്ചടിയാകുന്നു. പാകിസ്ഥാനിൽ ഭക്ഷ്യവസ്തുക്കൾക്ക് നിമിഷം പ്രതി വില കുതിച്ചുയരുകയാണ്. ഇത് ഈദ് ആഘോഷങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് പാകിസ്ഥാനിലെ ജനങ്ങൾ.
ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചത് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചതായി പാകിസ്ഥാനിലെ കച്ചവടക്കാരും വീട്ടമ്മമാരും അഭിപ്രായപ്പെടുന്നു. പാൽ, പച്ചക്കറികൾ, ഇറച്ചി എന്നിവയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ദൗർലഭ്യം തെരുവ് വ്യാപാരം മുതൽ സൂപ്പർ മാർക്കറ്റുകൾ വരെയുള്ളവയെ ഒരേ പോലെ ബാധിച്ചിരിക്കുകയാണ്. പച്ചക്കറികൾക്കും ഉള്ളിക്കും പാകിസ്ഥാനിലെ വ്യാപാരികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇന്ത്യയെയാണ്. ഈദ് ആഘോഷ വേളയിൽ പച്ചക്കറിയുടെയും ഉള്ളിയുടെയും ദൗർലഭ്യം എങ്ങനെ പരിഹരിക്കാനാണ് ഇമ്രാൻ ഖാൻ ഉദ്ദേശിക്കുന്നതെന്ന് വ്യാപാരികൾ ചോദിക്കുന്നു. രാഷ്ട്രീയ വിഷയങ്ങൾ അന്നം മുട്ടിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് പാകിസ്ഥാനിലെ ജനങ്ങൾ.
ഈദ് ആഘോഷത്തെ തുടർന്ന് പാകിസ്ഥാനിൽ വിവാഹ സീസണാണ് വരാൻ പോകുന്നത്. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ കടുത്ത സാമ്പത്തിക്ക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ബാങ്കിംഗ് മേഖലയും ആശങ്കപ്പെടുന്നു.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഉപേക്ഷിച്ചത് പാകിസ്ഥാന്റെ കയറ്റുമതി മേഖലയെയും ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ 200 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് പകരം അഫ്ഗാനിസ്ഥാനിൽ പുതിയ വിപണി കണ്ടെത്താനുള്ള പാക് ശ്രമവും ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പെട്രോളിനും ഡീസലിനും ആറ് രൂപക്കടുത്ത് വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പുറമെ ഭക്ഷ്യവിലക്കയറ്റം കൂടിയാകുമ്പോൾ സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാകുകയാണ്. ഇത് ഇമ്രാൻ ഖാന്റെ ഭരണപരാജയമായി വിലയിരുത്തുന്ന പാക് ജനത കടുത്ത അമർഷത്തിലും പ്രതിഷേധത്തിലുമാണ്
Discussion about this post